India - 2025

'ഡീക്കന്മാരെ ബലിയാടുകളാക്കുവാന്‍ ശ്രമം'

10-10-2024 - Thursday

കൊച്ചി: സഭാഘടനയെ ദുർബലപ്പെടുത്തുകയെന്ന തങ്ങളുടെ അജണ്ട നടപ്പിലാക്കാനായി ഡീക്കന്മാരെ ബലിയാടുകളാക്കുകയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം ചെയ്യുന്നതെന്ന് സീറോമലബാർ സഭ മീഡിയ കമ്മീഷൻ. തിരുപ്പട്ട സ്വീകരണത്തിനൊരുക്കമായി സഭ നിഷ്‌കർഷിക്കുന്ന രീതിയിൽ അനുസരണം വാഗ്ദാനം ചെയ്യുന്ന സത്യവാങ്‌മൂലം ഒപ്പിട്ടു നൽകുന്നതിനനുസരിച്ച് പട്ടം നൽകാമെന്നാണ് അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചിരിക്കുന്നത്.

ആ നിലപാടിൽനിന്നു സഭ പിന്നോട്ടു പോയിട്ടില്ല. എന്നാൽ, അതിരൂപതയെ നിരന്തരം ആക്ഷേപവിധേയമാക്കുന്ന ചില വ്യക്തികളും സംഘടനകളും ചെലുത്തുന്ന തെറ്റായ സമ്മർദങ്ങളിൽപ്പെട്ടാണു ഡീക്കന്മാർ സത്യവാങ്മൂലം നൽകാൻ വിസമ്മതിക്കുന്നത്. ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകണമെന്നാവശ്യപ്പെട്ട് 13ന് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തിട്ടുള്ളത് അതിരൂപതയെ പൊതുസമൂഹത്തിൽ അപമാനിക്കാനുള്ള ചില വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളുടെ തുടർച്ചയാണ്. തെരുവിൽ പ്രക്ഷോഭം നടത്താൻ ആഹ്വാനം ചെയ്‌തിരിക്കുന്ന വ്യക്തികളും സംഘടനകളുമാണ് ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണത്തെ ഭീഷണികളിലൂടെ വിലക്കുന്നതെന്നും മീഡിയ കമ്മീഷൻ ചൂണ്ടിക്കാട്ടി.


Related Articles »