Life In Christ - 2024

‘മാർച്ച് ഫോർ ലൈഫ്' നിര്‍ണ്ണായകമായി: ഡോക്ടര്‍ ദമ്പതികളുടെ മക്കള്‍ ഇനി വൈദികര്‍

പ്രവാചക ശബ്ദം 13-06-2020 - Saturday

വാഷിംഗ്ടൺ ഡി.സി: ഗര്‍ഭഛിദ്രത്തിനെതിരെ ശബ്ദമുയര്‍ത്തിയും ജീവന്റെ മൂല്യം പ്രഘോഷിച്ചും വാഷിംഗ്ടൺ ഡി.സിയിൽ നടക്കുന്ന ‘മാർച്ച് ഫോർ ലൈഫ്' റാലിയിലെ പങ്കാളിത്തം വഴിത്തിരിവായപ്പോൾ അലബാമയില്‍ സഹോദരങ്ങള്‍ വൈദികരായി. ഇക്കഴിഞ്ഞ മേയ് 30ന് അലബാമ കത്തീഡ്രലില്‍വെച്ചാണ് ഫാ. പെയ്റ്റൺ പ്ലെസാല, ഫാ. കോണ്ണർ പ്ലെസാല എന്നീ സഹോദരങ്ങള്‍ മൊബീൽ അതിരൂപതയ്ക്കു വേണ്ടി തിരുപ്പട്ടം സ്വീകരിച്ചത്. 2011ൽ ‘മാർച്ച് ഫോർ ലൈഫി’ൽ പങ്കെടുക്കാൻ സഹപാഠികൾക്കൊപ്പം നടത്തിയ യാത്രയാണ് ഇവരുടെയും ജീവിതത്തിൽ വഴിത്തിരിവായത്.

ആ യാത്രയ്ക്ക് മേൽനോട്ടം വഹിച്ച മക്ഗില്‍ ടൂലെന്‍ കാത്തലിക് ഹൈസ്കൂളിലെ വൈദികന്റെ ആഹ്ലാദം നിറഞ്ഞ ശുശ്രൂഷ ജീവിതം അവരില്‍ പൗരോഹിത്യ വിളിയെക്കുറിച്ചുള്ള ചിന്തകൾ ഉണർത്തുകയായിരുന്നു. തങ്ങളുടെ നാലു മക്കളില്‍ രണ്ടു പേരും പൗരോഹിത്യ വിളിക്ക് പ്രത്യുത്തരം നല്‍കിയപ്പോള്‍ ഡോക്ടർമാരായ കിർബെ- ഡിനീൻ ദമ്പതികള്‍ എതിര്‍ത്തില്ല. പരിശുദ്ധാത്മാവിന്റെ തിരഞ്ഞെടുപ്പിന് തന്റെ മക്കളെ വിട്ടുനൽകുന്നു എന്നാണ്, മക്കളുടെ പൗരോഹിത്യ വിളിയെക്കുറിച്ച് ചോദിക്കുന്നവരോട് ഈ മാതാപിതാക്കൾ പറഞ്ഞത്. 2012ൽ ലൂസിയാന സെന്റ് ജോസഫ് സെമിനാരിയിൽ വൈദികപഠനം ആരംഭം കുറിച്ചത് കോണ്ണർ പ്ലെസാലയാണ്.

2014ൽ പെയ്റ്റണും സെമിനാരിയിൽ ചേർന്നു. സാധാരണയായി ജേഷ്ഠനായ പെയ്റ്റനാണ് അനുജൻ കോണ്ണർക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നതെങ്കിലും സെമിനാരി അനുഭവം കാര്യങ്ങള്‍ തിരിച്ചാക്കി. കോണ്ണറിന്റെ രണ്ടു വർഷത്തെ സെമിനാരി അനുഭവം പെയ്റ്റണിന് ഏറെ സഹായമായി. കോവിഡ് പശ്ചാത്തലത്തില്‍ ചുരുക്കം പേരുടെ സാന്നിധ്യത്തിലാണ് 27 വയസുള്ള പെയ്റ്റണും 25 വയസുള്ള കോണ്ണറും തിരുപ്പട്ടം സ്വീകരിച്ചത്. കുഞ്ഞു നാള്‍ മുതല്‍ തങ്ങള്‍ അനുഭവിച്ചറിഞ്ഞ ദൈവ സ്നേഹം വരും നാളുകളില്‍ ആയിരങ്ങളിലേക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ഒരുക്കത്തിലാണ് ഈ നവവൈദികര്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »