Life In Christ - 2025
രണ്ടു തവണ വൈദികനാകുവാന്‍ ശ്രമിച്ച് പരാജയപ്പെട്ട വെനിസ്വേലന്‍ ഡോക്ടര്‍ വാഴ്ത്തപ്പെട്ട നിരയിലേക്ക്
പ്രവാചക ശബ്ദം 25-06-2020 - Thursday
കാരക്കാസ്: നൂറുകണക്കിന് പാവങ്ങളെ സൗജന്യമായി ചികിത്സിക്കുകയും സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും ചെയ്ത വെനിസ്വേലന്‍ ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് വാഴ്ത്തപ്പെട്ട നിരയിലേക്ക്. വൈദികനാകുവാനുള്ള ആഗ്രഹം കൊണ്ട് രണ്ടു തവണ സെമിനാരിയില്‍ ചേരുവാന്‍ ശ്രമിച്ചിട്ടും ആരോഗ്യപരമായ കാരണങ്ങളാല്‍ തിരികെ മടങ്ങിയ വ്യക്തിയാണ് ഇപ്പോള്‍ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. യഹൂദരും, പ്രൊട്ടസ്റ്റന്‍റുകാരും അവിശ്വാസികളും ഉള്‍പ്പെടെ നിരവധിപേരാണ് ഇതിനോടകം തന്നെ രോഗസൗഖ്യത്തിനായി ഡോ. ഹെര്‍ണാണ്ടസിന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്.
ആന്‍ഡെസ് പര്‍വ്വതത്തിലെ വിദൂര പട്ടണത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് ജനിക്കുന്നത്. മെഡിക്കല്‍ പഠനത്തിനായി തലസ്ഥാന നഗരിയിലെത്തിയ അദ്ദേഹം 1888-ല്‍ പഠനം പൂര്‍ത്തിയാക്കി. സ്കോളര്‍ഷിപ്പോടെ പാരീസില്‍ ഉന്നത പഠനത്തിനെത്തിയ അദ്ദേഹം ബാക്ടീരിയോളജിയിലും, പാത്തോളജിക്കല്‍ അനാറ്റമിയിലും വിദഗ്ദ പഠനം നടത്തി. തന്റെ കാരുണ്യ പ്രവര്‍ത്തികള്‍ കാരണമാണ് ഡോ. ഹെര്‍ണാണ്ടസ് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. 1818-ലെ സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ പരിമിതമായ വൈദ്യ സൗകര്യമായിരിന്നെങ്കിലും അദ്ദേഹം പാവങ്ങള്‍ക്കു വേണ്ടി രാപ്പകലില്ലാതെ ശുശ്രൂഷ ചെയ്തിരിന്നു.
മരണത്തിന്റെ വക്കില്‍ നിന്നും അനേകരെയാണ് അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത്. 1909-ല്‍ ഇറ്റാലിയന്‍ യാത്രക്കിടെ സെമിനാരിയില്‍ പ്രവേശിച്ചെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ തിരിച്ചു പോരേണ്ടി വന്നു. പിന്നീട് 1913-ല്‍ ഒരുവട്ടം കൂടി ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. 1919-ലുണ്ടായ കാറപകടത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് മരണപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം ഡോക്ടറുടെ പേരിലുള്ള അത്ഭുതങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ആരംഭം കുറിക്കുകയായിരിന്നു.
2017-ല്‍ കവര്‍ച്ചാശ്രമത്തെ ചെറുക്കുന്നതിനിടയില്‍ തലക്ക് വെടിയേറ്റ പെണ്‍കുട്ടിക്കു നടക്കുവാനോ ശരിയായ വിധത്തില്‍ സംസാരിക്കുവാനോ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിന്നു. ഈ സമയത്ത് പെണ്‍കുട്ടിയുടെ അമ്മ ഡോ. ഹെര്‍ണാണ്ടസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. ഡോക്ടര്‍മാരുടെ നിഗമനത്തെ പൂര്‍ണ്ണമായി മാറ്റിമറിച്ചുകൊണ്ട് പെണ്‍കുട്ടിയ്ക്കു സൌഖ്യമുണ്ടായി. ഈ അത്ഭുതമാണ് ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി ത്വരിതഗതിയിലാക്കിയിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക