Faith And Reason - 2025
പകര്‍ച്ചവ്യാധിയും സാമ്പത്തിക പ്രതിസന്ധിയും അതിജീവിച്ച് വെനിസ്വേലയില്‍ പൗരോഹിത്യ വസന്തം
പ്രവാചക ശബ്ദം 24-11-2020 - Tuesday
കാരക്കാസ്: തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ പൗരോഹിത്യ ദൈവവിളിയുടെ പ്രചാരണത്തിനായി സഭ നടത്തിയ ശ്രമങ്ങള്‍ ഫലമണിയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും രൂക്ഷമായ കൊറോണ പകര്‍ച്ചവ്യാധിയ്ക്കുമിടയിലും ഈ വര്‍ഷം ദൈവവിളിക്ക് പ്രത്യുത്തരം നല്‍കിയവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പൗരോഹിത്യ പരിശീലനത്തിന്റെ പ്രാഥമിക ഘട്ടമായ ഫിലോസഫിയും, തിയോളജിയും പഠിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം 804 ആയി ഉയര്‍ന്നു. യുവജനങ്ങളെ തങ്ങളുടെ ദൈവനിയോഗം തിരിച്ചറിയുന്നതിനും, അജപാലക ശുശ്രൂഷയുടെ പ്രചാരണത്തിനുമായി രാജ്യത്തെ വിവിധ രൂപതകളിലെ സെമിനാരികള്‍ നടത്തിയ കഠിന ശ്രമത്തിന്റെ ഫലമാണിതെന്നാണ് വെനിസ്വേലന്‍ മെത്രാന്‍ സമിതി പ്രസ്താവനയില്‍ അറിയിച്ചു.
ആത്മീയ ജീവിതത്തിനുവേണ്ട അടിത്തറപാകുന്ന മൂന്നു സെമിനാരികള്‍ ഉള്‍പ്പെടെ രാജ്യത്തെ 21 സെമിനാരികളിലായി 186 പേരാണ് ഇപ്പോള്‍ തിരുപ്പട്ടസ്വീകരണത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ഇതിനുപുറമേ 328 പേര്‍ തത്വശാസ്ത്രവും 290 പേര്‍ ദൈവശാസ്ത്രവും പഠിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ദൈവശാസ്ത്ര പഠനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഏതെങ്കിലും ഇടവകയില്‍ വികാരിയുടെ കീഴിലും, ഫോര്‍മേഷന്‍ സംഘത്തിന്റെ കീഴിലും ഒരു വര്‍ഷത്തെ അജപാലക പ്രായോഗിക പരിശീലനമാണ് അടുത്ത ഘട്ടമെന്ന്‍ ‘ക്ലര്‍ജി, സെമിനാരീസ്, വൊക്കേഷന്‍സ് ആന്‍ഡ് പെര്‍മനന്റ് ഡയക്കനേറ്റ്’ വിഭാഗം തലവനായ ഫാ. റിവേലിനോ കാസറസ് പറഞ്ഞു.
നിലവില്‍ ഏഴു പേര്‍ ഇടവകകളിലും, രണ്ടുപേര്‍ പ്രേഷിതമേഖലയിലും പരിശീലനം നടത്തുന്നുണ്ട്. അതേസമയം സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും, രാജ്യത്തെ പുരോഹിതരുടെ അഭാവം പരിഹരിക്കുന്നതിനായി കൂടുതല്‍ പേര്‍ വൈദീകപഠനത്തിനായി മുന്നോട്ട് വരേണ്ടതുണ്ടെന്നാണ് മെത്രാന്‍ സമിതി പറയുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
