News - 2024

തുര്‍ക്കി തീരുമാനം പിന്‍വലിക്കണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

13-07-2020 - Monday

ജനീവ: ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്കാക്കിയ നടപടി തിരുത്തണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനോട് ആവശ്യപ്പെട്ടു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ്, ലൂഥറന്‍ വിഭാഗങ്ങളടക്കമുള്ള സംഘടന 50 കോടി വിശ്വാസികളെയാണ് പ്രതിനിധീകരിക്കുന്നത്. കത്തീഡ്രലായി നിര്‍മിക്കപ്പെടുകയും തുടര്‍ന്ന് മോസ്‌കും മതേതരത്വത്തിന്റെ പ്രതീകമായ മ്യൂസിയവും ആയി മാറ്റപ്പെടുകയും ചെയ്ത നിര്‍മിതി വീണ്ടും മോസ്‌കാക്കുന്നത് ഞെട്ടലും ദുഃഖവും സൃഷ്ടിക്കുന്നതായി എര്‍ദോഗന് അയച്ച കത്തില്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

ഹാഗിയ സോഫിയയുടെ മ്യൂസിയംപദവി തുര്‍ക്കി കോടതി വെള്ളിയാഴ്ച എടുത്തുകളഞ്ഞതിനു പിന്നാലെയാണ് മോസ്‌കായി മാറ്റിക്കൊണ്ടുള്ള ഉത്തരവ് എര്‍ദോഗന്‍ പുറപ്പെടുവിച്ചത്. ഇതിലൂടെ വിഭാഗീയത സൃഷ്ടിക്കപ്പെടുമെന്നു കൗണ്‍സില്‍ പറഞ്ഞു. വിവിധ മതങ്ങള്‍ക്കിടയില്‍ അവിശ്വാസമുണ്ടാകും. പരസ്പര ധാരണയും ബഹുമാനവും സഹകരണവും വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ അവതാളത്തിലാകുമെന്നും ചൂണ്ടിക്കാട്ടി. തുര്‍ക്കിയിലെ യാഥാസ്ഥിക വിഭാഗത്തെ കൈയിലെടുക്കുന്ന എര്‍ദോഗന്റെ നടപടിയില്‍ മതേതരവിഭാഗങ്ങള്‍ ശക്തമായ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.


Related Articles »