News

ജീവന്‍ പണയംവെച്ച് യഹൂദരെ സംരക്ഷിച്ച മദര്‍ സിസ്റ്റര്‍ റിക്കാർഡ ധന്യ പദവിയില്‍

പ്രവാചകശബ്ദം 01-02-2025 - Saturday

വത്തിക്കാന്‍ സിറ്റി: രണ്ടാം ലോകമഹായുദ്ധ സമയത്ത് വലിയ ഭീഷണിയുടെ നടുവില്‍ ജീവന്‍ പണയംവെച്ച് യഹൂദരെ കോണ്‍വെന്‍റില്‍ സംരക്ഷിച്ച മദര്‍ സിസ്റ്റര്‍ റിക്കാർഡ ബ്യൂഷാംപ് ഹാംബ്രോയെ ധന്യപദവിയിലേക്ക് ഉയര്‍ത്തി. ഇക്കഴിഞ്ഞ ജനുവരി 27ന് ഫ്രാൻസിസ് മാർപാപ്പയാണ് സിസ്റ്റര്‍ റിക്കാർഡ ബ്യൂഷാംപിന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ച് വണക്കത്തിന് യോഗ്യയായി ധന്യപദവിയിലേക്ക് ഉയര്‍ത്തിയത്. ആംഗിക്കന്‍ കുടുംബത്തില്‍ ജനിച്ച് വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന വ്യക്തി എന്ന വിശേഷണം കൂടി സിസ്റ്റര്‍ റിക്കാർഡയ്ക്കു ലഭിച്ചിട്ടുണ്ട്.

ആരാണ് മദര്‍ സിസ്റ്റര്‍ റിക്കാർഡ? ‍

1887 സെപ്തംബർ 10ന് ലണ്ടനിലെ ആംഗ്ലിക്കൻ കുടുംബത്തിലായിരിന്നു റിക്കാർഡയുടെ ജനനം. വൈകാതെ അവരുടെ കുടുംബം കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഒരു കത്തോലിക്ക സ്കൂളിൽ പഠിച്ച അവൾക്ക് സന്യാസ സമൂഹത്തില്‍ ചേരാൻ ചെറുപ്പം മുതല്‍ തന്നെ ആഗ്രഹമുണ്ടായിരുന്നു. അവളുടെ ആത്മീയ ഗുരു, വിശുദ്ധ എലിസബത്ത് ഹെസൽബ്ലാഡിന്റെ അടുത്തേക്ക് റിക്കാർഡയെ അയച്ചു. ഓർഡർ ഓഫ് ദി മോസ്റ്റ് ഹോളി സേവ്യർ സന്യാസ സമൂഹത്തിന്റെ നവീകരണത്തിന് നേതൃത്വം നല്‍കിയ വ്യക്തിയായിരിന്നു വിശുദ്ധ എലിസബത്ത്.

1914-ൽ വിശുദ്ധ എലിസബത്തിനൊപ്പം ഇറ്റലിയിലേക്ക് പോയ റിക്കാർഡ ആ വർഷം തന്നെ സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. 1918-ൽ നിത്യവ്രത വാഗ്ദാനം നടത്തി. വർഷങ്ങളോളം അവൾ വിശുദ്ധ എലിസബത്തിനൊപ്പം പുതിയ കമ്മ്യൂണിറ്റികൾ കണ്ടെത്തുന്നതിനായി യാത്ര ചെയ്തു. റോം കേന്ദ്രമാക്കി ആരംഭിച്ച സന്യാസ സമൂഹത്തിന് വിവിധയിടങ്ങളില്‍ നിരവധി കമ്മ്യൂണിറ്റികള്‍ സ്ഥാപിക്കുവാന്‍ അവള്‍ സഹായിച്ചു.

രണ്ടാം ലോകമഹായുദ്ധസമയത്ത്, യഹൂദരെ വേട്ടയാടികൊണ്ടിരിന്ന കാലയളവില്‍ മുന്നില്‍ ഉണ്ടായിരിന്ന നിരവധി വെല്ലുവിളികളെ അവഗണിച്ച് അവരെ സഹായിക്കുവാന്‍ സിസ്റ്റര്‍ റിക്കാർഡ തീരുമാനിച്ചു. ജീവന്‍ പണയംവെച്ച് തന്റെ കോണ്‍വെന്‍റില്‍ നിരവധി യഹൂദര്‍ക്കു സിസ്റ്റര്‍ അഭയം നല്‍കി. സിസ്റ്റര്‍ മരിയ റിക്കാർഡയുടെ കോണ്‍വെന്‍റ് യഹൂദ കുടുംബങ്ങളുടെ അഭയകേന്ദ്രമായി മാറി. ഇക്കാലയളവില്‍ നിരവധി യഹൂദരുടെ ജീവന്‍ രക്ഷിക്കുവാന്‍ സിസ്റ്ററിന് കഴിഞ്ഞു. ദിവ്യകാരുണ്യത്തോട് അഗാധമായ ഭക്തി പുലര്‍ത്തിയ സിസ്റ്റര്‍ വിശുദ്ധ എലിസബത്തിൻ്റെ മരണശേഷം സന്യാസ സമൂഹത്തിന്റെ മേലധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »