News - 2024

തീവ്ര മുസ്ലീങ്ങളുടെ ഭീഷണി: പാക്കിസ്ഥാനില്‍ ദേവാലയത്തിലെ കുരിശ് നീക്കം ചെയ്തു

പ്രവാചക ശബ്ദം 16-07-2020 - Thursday

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ നിന്നും 40 മൈല്‍ അകലെയുള്ള ബാലോക്കി ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ ദേവാലയത്തിന്റെ ഗോപുരത്തിലെ കുരിശ് പ്രദേശവാസികളായ തീവ്ര മുസ്ലീങ്ങളുടെ ഭീഷണി നിമിത്തം മാറ്റി. കുരിശ് മാറ്റിയില്ലെങ്കില്‍ ദേവാലയത്തിനുള്ളില്‍ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്നും, ദേവാലയമിരിക്കുന്ന ഭൂമിയും സ്വത്തും തങ്ങള്‍ ഏറ്റെടുക്കുമെന്നുമായിരുന്നു തീവ്ര ഇസ്ലാമിക നിലപാടുള്ള മുസ്ലീങ്ങള്‍ ഭീഷണി മുഴക്കിയത്. ദേവാലയത്തിന്റെ മൂന്നു നിലയോടു കൂടിയ ഗോപുരത്തില്‍ സ്ഥാപിച്ച കുരിശാണ് മുസ്ലീങ്ങളുടെ ഭീഷണി കാരണം മാറ്റിയതെന്ന് ഗ്രാമവാസിയായ ബര്‍ണാബാസ് എന്ന വിശ്വാസി വെളിപ്പെടുത്തി.

കുരിശ് നീക്കം ചെയ്തതോടെ കെട്ടിടം കണ്ടാല്‍ ദേവാലയം പോലെ തോന്നില്ലെന്നും വെറുമൊരു മുറി പോലെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം ദുഃഖത്തോടെ പറഞ്ഞു. തകര്‍ന്ന ഹൃദയത്തോടെയാണ് ഭീഷണിക്ക് തങ്ങള്‍ വഴങ്ങിയതെന്നു ഗ്രാമവാസിയായ പാസ്റ്റര്‍ ഇല്യാസ് പറയുന്നത്. മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന പാക്കിസ്ഥാന്‍ ഭരണഘടനയുടെ ലംഘനമായിരുന്നു ഭീഷണിയെങ്കിലും, ഗ്രാമത്തിലെ ന്യൂനപക്ഷ ക്രിസ്ത്യാനികളുടെ ഭാവി സുരക്ഷയും, സംരക്ഷണവും കണക്കിലെടുത്താണ് ഭീഷണിക്ക് വഴങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുരിശ് ദേവാലയത്തിന്റെ ഭിത്തിയില്‍ സ്ഥാപിക്കുവാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഭരണഘടനാ ലംഘനത്തെ ബന്ധപ്പെട്ട അധികാരികള്‍ ഗൗരവത്തോടെ കാണണമെന്നും, സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നും പാസ്റ്റര്‍ ഇല്യാസ് ആവശ്യപ്പെട്ടു. ഏറെ പ്രതീക്ഷയോടെ നിര്‍മ്മിച്ച തങ്ങളുടെ പ്രിയപ്പെട്ട ദേവാലയത്തിലെ കുരിശ് മാറ്റേണ്ടി വന്നതിന്റെ ദുഃഖത്തിലാണ് ഗ്രാമത്തിലെ നിസ്സഹായരായ ക്രൈസ്തവ വിശ്വാസികള്‍. ഓരോ ദിവസവും രാജ്യത്തെ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ അനുഭവിക്കുന്ന കടുത്ത വിവേചനത്തിന്റെ വാര്‍ത്തകളാണ് പാക്കിസ്ഥാനില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »