India - 2025

ജെ.ബി കോശി കമ്മീഷൻ; നടപ്പാക്കിയ നിർദേശങ്ങൾ വ്യക്തമാക്കണമെന്ന് കെഎൽസിഎ

പ്രവാചകശബ്ദം 19-02-2025 - Wednesday

കൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഏതൊക്കെ ശുപാർശകളാണ് നടപ്പാക്കിയതെന്നു സംസ്ഥാന സർക്കാർ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കെഎൽസിഎ. കമ്മീഷന്റെ ഇതുവരെയുള്ള നടപടിക്രമങ്ങൾ തൃപ്‌തികരമാണെന്നും പല ശിപാർശകളും നടപ്പാക്കിയതായും മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിൽ പറയുന്നു. എന്നാൽ ഇതുവരെ നടപ്പാക്കിയ നിർദേശങ്ങൾ എന്തൊക്കെയെന്നു വ്യക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിലെ തടസങ്ങൾ ഉൾപ്പെടെ എളുപ്പത്തിൽ നടപ്പാക്കാവുന്ന പല ശിപാർശകളും ഇതുവരെയും നടപ്പാക്കിയിട്ടില്ലായെന്ന് കെഎൽസിഎ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ക്രൈസ്‌തവ സംഘടനാ പ്രതിനിധികളുമായി ചർച്ചകൾ ഉണ്ടാകണം. വിവിധ വകുപ്പുകളോട് മറുപടി പറയാൻ നിർദേശിച്ചു നൽകിയ 284 ശിപാർശകളിൽ ഇതുവരെ വിവിധ വകുപ്പുകൾ നടപ്പാക്കിയ ശിപാർശകൾ എന്തൊക്കെയാണെന്നു വ്യക്തമാക്കണം. ഇതിനകം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നുമുള്ള വിശദാംശങ്ങൾ രേഖയായി പുറത്തുവിടണമെന്നും കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ ആവശ്യപ്പെട്ടു.


Related Articles »