News - 2025

കോവിഡ് വ്യാപനത്തിനിടയിലും ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വര്‍ദ്ധനവ്

പ്രവാചക ശബ്ദം 20-07-2020 - Monday

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയിലും ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വര്‍ദ്ധനവെന്ന് വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്ത്. ഈ വര്‍ഷം പകുതിവരെ യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെ 135 ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഡല്‍ഹി ആസ്ഥാനമായുള്ള ‘ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ’ (ഇ.എഫ്.ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങളും, മാനഭംഗ ശ്രമങ്ങളും ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കൊറോണ ലോക്ക്ഡൗണിനിടയില്‍ പോലും ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മുന്‍പത്തെക്കാളും അധികം വര്‍ദ്ധിച്ചുവെന്നും ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നതിനാല്‍ യഥാര്‍ത്ഥത്തിലുള്ള സംഖ്യ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രഹിന്ദുത്വവാദികളുടെ നേതൃത്വത്തിലായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളും. ബി‌ജെ‌പി ഭരിക്കുന്ന ഉത്തര്‍ പ്രദേശാണ് ക്രൈസ്തവ പീഡനങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഒഡീഷയിലെ കെന്‍ഡുഗുഡ ജില്ലയിലെ പതിനാലു വയസുള്ള ക്രിസ്ത്യന്‍ ബാലനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയും, ശരീരം മുറിച്ച് ഭാഗങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ അടക്കം ചെയ്തതും, തമിഴ്നാട്ടിലെ ക്രൈസ്തവരായ പിതാവിനെയും മകനേയും ലോക്കല്‍ പോലീസ് കൊലപ്പെടുത്തിയതും ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആറോളം ആക്രമണങ്ങള്‍ രേഖപ്പെടുത്തിയതും കൊറോണ നിയന്ത്രണം പ്രാബല്യത്തിലിരുന്ന ഏപ്രില്‍ മാസത്തിലാണ്.

ക്രൈസ്തവരുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും, ജാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ സ്ത്രീ മാനഭംഗത്തിനിരയായതും, ക്രിസ്തു വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ പൊതുകിണറ്റില്‍ നിന്നും കുടിവെള്ളം നിഷേധിച്ചതും കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ പൊതുനയങ്ങളിലും നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തുവാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഭാവിയില്‍ മതപീഡനങ്ങളുടെ എണ്ണം ഇനിയും കൂടുമെന്നാണ് സംഘടന പറയുന്നത്. അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »