India - 2025
ഭാരത കത്തോലിക്ക മെത്രാൻ സമിതി 18ന് ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കും
പ്രവാചകശബ്ദം 14-12-2024 - Saturday
കൊച്ചി: ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ സംരക്ഷണവും അവകാശവും ഉറപ്പാക്കണമെന്നു പ്രഖ്യാപിച്ച് ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസി ഐ) ലെയ്റ്റി കൗൺസിൽ 18ന് ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കും. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ അന്നു ന്യൂനപക്ഷ അവകാശ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിബിസിഐ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. സിബിസിഐയുടെ രാജ്യത്തെ 14 റീജണൽ കൗൺസിലുകളുടെയും വിവിധ കത്തോലിക്ക അല്‍മായ സംഘടനകളുടെയും ഇതര ക്രൈസ്‌തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനാചരണം.
ജനസംഖ്യയിൽ 2.3 ശതമാനം മാത്രമുള്ള ക്രൈസ്‌തവരെ മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിച്ച് പ്രത്യേക ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കാൻ കേന്ദ്രസർക്കാർ പഠനസമിതി രൂപീകരിക്കണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ദളിത് ക്രൈസ്‌തവ സമൂഹം നേരിടുന്ന നീതി നിഷേധത്തിനെതിരേയുള്ള നിയമ സമര പോരാട്ടങ്ങൾക്ക് രാജ്യത്തുടനീളം 18ന് ഐക്യദാർഢ്യം പ്രഖ്യാപിക്കും. രാജ്യത്തെ എല്ലാ ക്രൈസ്‌തവ സ്ഥാപനങ്ങളും സംഘടനകളും 18ലെ ദേശീയ ന്യൂനപക്ഷ അവകാശദിനാചരണത്തിൽ പങ്കുചേരണമെന്ന് വി.സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.