News
കരുണയുടെ വെള്ളിയാഴ്ച മാനസിക രോഗികളോടൊപ്പം ചിലവഴിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 14-05-2016 - Saturday
വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തില്‍ മാനസിക രോഗികളായവരെ നേരില്‍ കാണുവാന്‍ കരുണയുടെ പ്രവാചകന്‍ എത്തി. റോം നഗരത്തിനു പുറത്തായി സ്ഥിതി ചെയ്യുന്ന മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് വെള്ളിയാഴ്ച്ച ഉച്ചക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് എത്തിയത്. കരുണയുടെ വര്‍ഷത്തില്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച ഒരു പുണ്യപ്രവര്‍ത്തിയെങ്കിലും ചെയ്യുക എന്നതാണ് പാപ്പ ഇതുകൊണ്ടു ലക്ഷ്യം വയ്ക്കുന്നത്.
'ടൂ ചിക്കോ' എന്നറിയപ്പെടുന്ന മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണു മാര്‍പാപ്പ സന്ദര്‍ശനം നടത്തിയത്. അവിടെയെത്തിയ മാര്‍പാപ്പ മാനസികരോഗികളായവരോടൊപ്പം ഒരുമിച്ച് ഒരേ മേശയില്‍ ഇരുന്നു ഭക്ഷണം കഴിച്ചു. രോഗികളെ പരിചരിക്കുന്നവരേയും തന്നോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുവാന്‍ മാര്‍പാപ്പ ക്ഷണിച്ചു. രോഗം മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന രണ്ടു രോഗികളേയും മാര്‍പാപ്പ നേരിട്ടു കാണുവാന്‍ പ്രത്യേകം സമയം കണ്ടെത്തി.
മാര്‍പാപ്പയെ നേരില്‍ കണ്ട രോഗികള്‍ വര്‍ഷങ്ങളോളം പരിചയമുള്ള വ്യക്തിയെ കാണുന്നതു പോലെയാണ് ഇടപെട്ടത്. 'ടൂ ചിക്കോ'യിലെ ആരാധനയിലും പരിശുദ്ധ പിതാവ് പങ്കെടുത്തു. ചാപ്പലില്‍ എത്തിയ അദ്ദേഹം രോഗികള്‍ക്കും പരിചാരകര്‍ക്കുമൊപ്പം പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ഒന്നരമണിക്കൂര്‍ അവിടെ ചെലവഴിച്ച മാര്‍പാപ്പ മടങ്ങാന്‍ നേരം രോഗികള്‍ക്കും നടത്തിപ്പുകാര്‍ക്കും സമ്മാനം നല്‍കാനും മറന്നില്ല.
രണ്ടു വലിയ കുട്ടകള്‍ നിറയെ വിവിധതരം പഴങ്ങളും പാപ്പ രോഗികള്‍ക്കായി നല്‍കി. സാമ്പത്തിക സഹായവും നല്‍കിയാണ് പാപ്പ മടങ്ങിയത്. ജനുവരിയില്‍ പരിശുദ്ധ പിതാവ് ഒരു നഴ്‌സിംഗ് ഹോമില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഫെബ്രുവരിയില്‍ വിവിധ ആസക്തികള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരേയും മാര്‍ച്ചില്‍ അഭയാര്‍ഥി ക്യാമ്പും പാപ്പ സന്ദര്‍ശിച്ചിരുന്നു. ഗ്രീസിന്റെ ദ്വീപായ ലെസ്ബണിലെ ഒരു അഭയാര്‍ഥി ക്യാമ്പിലാണു പാപ്പ ഏപ്രിലില്‍ സന്ദര്‍ശനം നടത്തിയത്. കരുണയുടെ വര്‍ഷത്തില്‍ ധാരാളം കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യണമെന്നു പിതാവ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
വീഡിയോ കാണാം