India - 2024

കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ മദ്യശാലകള്‍ക്കു വലിയ പങ്ക്: ബിഷപ്പ് ജോഷ്വാ ഇഗ്‌നാത്തിയോസ്

26-07-2020 - Sunday

മാവേലിക്കര: കേരളത്തിലെ ഗുരുതരമായ കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ മദ്യശാലകള്‍ക്കു വലിയ പങ്കുണ്ടെന്നു കേരള മദ്യവിരുദ്ധ ജനകീയ മുന്നണി അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. സമ്പൂര്‍ണ മദ്യനിരോധനം നിലവിലുണ്ടായിരുന്ന മാര്‍ച്ച് 25 മുതല്‍ മേയ് 28 വരെയുള്ള 64 ദിവസങ്ങള്‍ക്കിടയില്‍ 952 കോവിഡ് കേസുകള്‍ മാത്രമുണ്ടായ കേരളത്തില്‍ മദ്യനിരോധനം പിന്‍വലിച്ചതിനു ശേഷമുള്ള 50 ദിവസങ്ങള്‍ക്കുളള്ളില്‍ 10,045 കേസുകളാണ് പുതുതായി ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യശാലകള്‍ അടഞ്ഞുകിടന്നപ്പോള്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനും കൂടുതല്‍ പ്രതിരോധ ശേഷി ആര്‍ജിക്കുന്നതിനും സാധിച്ച് അതുവഴി ഫലപ്രദമായ കോവിഡ് നിയന്ത്രണത്തിലൂടെ ലോകത്തിന്റെ മുന്നില്‍ തലയര്‍ത്തി നിന്ന കേരളം, ഇന്ന് ഗുരുതരമായ സാമൂഹവ്യാപനത്തിലെത്തിനില്‍ക്കുന്നു.

കേരളത്തില്‍ നേരത്തെ 301 ചില്ലറ മദ്യവിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്തു മേയ് 28 നു ശേഷം 1298 ചില്ലറ മദ്യവില്‍പ്പന കേന്ദ്രങ്ങളിലൂടെയുള്ള മദ്യവില്പനയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അതിന്റെഫലമായി കേരളത്തില്‍ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും അപകടമരണങ്ങളും രോഗങ്ങളും ഗണ്യമായി വര്‍ദ്ധിച്ചതിനോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ പാളിച്ചകള്‍ സംഭവിക്കുകയുമുണ്ടായി. ജനങ്ങളുടെയും നാടിന്റെയും നന്മയും ക്ഷേമവും കണക്കിലെടുത്തു മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


Related Articles »