Life In Christ

നിലത്തുവീണ തിരുവോസ്തി അതീവ ഭക്തിയോടെ എടുക്കുന്ന പോളിഷ് പ്രസിഡന്‍റ്: വീഡിയോ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വൈറല്‍

പ്രവാചക ശബ്ദം 27-07-2020 - Monday

വാര്‍സോ: പോളണ്ടിന്റെ പ്രസിഡന്‍റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട കത്തോലിക്ക വിശ്വാസിയായ ആൻഡ്രസെജ് ഡൂഡയുടെ വിശുദ്ധ കുര്‍ബാനയോടുള്ള ആദരവ് വ്യക്തമാക്കുന്ന പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറല്‍. 2015-ലെ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ (കോര്‍പ്പസ് ക്രിസ്റ്റി) ചെസ്റ്റോച്ചോവയിലെ ജെസ്നാഗോര ദേവാലയത്തില്‍ നടത്തിയ കുര്‍ബാനയ്ക്കിടെ സംഭവിച്ചതിന്റെ ദൃശ്യങ്ങളാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വൈറലായിരിക്കുന്നത്. പെട്ടെന്നുണ്ടായ കാറ്റില്‍ പറന്ന് നിലത്തു ഉരുണ്ടുപോയ തിരുവോസ്തി പൊടിഞ്ഞു പോകാതെ അതീവ സൂക്ഷ്മതയോടെയും ഭക്തിയോടെയും പ്രസിഡന്‍റ് എടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

2015 മെയ് 24ലെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അര്‍പ്പിക്കുവാനും തന്റെ പ്രസിഡന്റ് പദവി മാതാവിന് സമര്‍പ്പിക്കുന്നതിനുമായിട്ടായിരുന്നു ഡൂഡ ജെസ്നാഗോര ദേവാലയം സന്ദര്‍ശിച്ചത്. അപ്രതീക്ഷിതമായുണ്ടായ കാറ്റില്‍ നിലത്തുവീണ തിരുവോസ്തി ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ഉരുണ്ട് പോകുന്നത് ഡൂഡ കാണുകയും ഒട്ടുംതന്നെ സമയം കളയാതെ അദ്ദേഹം അത് ഭക്തിയോടെ എടുത്ത് വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കിയിരുന്ന കര്‍ദ്ദിനാള്‍ നൈക്സിനു കൈമാറുകയുമായിരിന്നു. അദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ആ തിരുവോസ്തി പറന്നു പുറത്തുപോവുകയോ അല്ലെങ്കില്‍ ആരുടെയെങ്കിലും ചവിട്ടേല്‍ക്കുകയും ചെയ്യുമായിരിന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

ഈ ദൃശ്യം ദശലക്ഷകണക്കിന് പോളണ്ടുകാരാണ് ടിവിയിലൂടെ കണ്ടത്. പിന്നീട് ‘കാത്തലിക് കണക്റ്റ്’ എന്ന കത്തോലിക്കാ സമൂഹമാധ്യമ കൂട്ടായ്മ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുകയായിരിന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായികൊണ്ടിരിക്കുന്നത്. പ്രസിഡന്റ് പദവിയില്‍ സ്ഥാനമുറപ്പിച്ചതിന്റെ പിന്നാലെ ദിവ്യകാരുണ്യത്തോട് കാണിച്ച ആദരവിലൂടെ പോളണ്ടിലെ മാത്രമല്ല ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ ഹൃദയത്തിലും ഡൂഡ സ്ഥാനമുറപ്പിക്കുകയായിരുന്നു. ഡൂഡയുടെ അടിയുറച്ച ദൈവവിശ്വാസം ഇത്തവണത്തെ തെരെഞ്ഞെടുപ്പ് പ്രചാരണ വേളയിലും പ്രതിഫലിച്ചിരിന്നു.


Related Articles »