News - 2024

മെക്സിക്കോയിലെ ദേവാലയങ്ങളിൽ ദിവ്യബലിയർപ്പണം പുനഃരാരംഭിച്ചു

പ്രവാചക ശബ്ദം 28-07-2020 - Tuesday

മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലെ, പ്രധാന കത്തീഡ്രൽ ഉൾപ്പെടെയുള്ള വിവിധ കത്തോലിക്കാ ദേവാലയങ്ങളിൽ മൂന്നു മാസങ്ങള്‍ക്കു ശേഷം ദിവ്യബലിയർപ്പണം പുനഃരാരംഭിച്ചു. കൊറോണ വൈറസ് ഭീതി മൂലം നീണ്ട നാളുകളായി ദേവാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. കര്‍ശനമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇനി ശുശ്രൂഷകള്‍ നടക്കുക. ദേവാലയങ്ങളിൽ ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ 20% ആളുകൾക്ക് മാത്രമേ ഒരേസമയം പ്രവേശനം അനുവദിച്ചിട്ടുള്ളൂ. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടിലായിരുന്നു വിശ്വാസി സമൂഹമെന്നും, അതിനാൽ അവരെ തിരികെ സ്വീകരിക്കുന്നതിലും, അവരോടൊപ്പം ആയിരിക്കുന്നതിലും മനസ് സുനിറയെ ആനന്ദമുണ്ടെന്ന് മെക്സിക്കൻ സഹായമെത്രാനായ സാൽവത്തോർ ഗോൺസാലസ് മൊറാലസ് പറഞ്ഞു.

നിബന്ധനകൾ ഉണ്ടായിരുന്നെങ്കിലും, അതെല്ലാം പൂർണമായും പാലിച്ചുകൊണ്ട് തന്നെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ വിശ്വാസി സമൂഹം ഒരുക്കമായിരുന്നു. ഏറെനാളായി ദേവാലയം അടഞ്ഞു കിടന്നതിനാൽ ദേവാലയത്തിലേക്ക് വരാൻ സാധിച്ചിരുന്നില്ലെന്നും, വിശുദ്ധ കുർബാനയിലെ ഈശോയെ സന്ദർശിക്കാനും, ഈശോയുമായി സംസാരിക്കാനും സാധിച്ചതിൽ ഇപ്പോൾ സന്തോഷവതിയാണെന്നും മരിയ ജുവാന ഫ്ലോറസ് എന്ന വിശ്വാസി പറഞ്ഞു. നമ്മെ ആത്മീയമായി ഉണർത്താൻ സാധിക്കുന്ന ഒരു സമാധാന അന്തരീക്ഷം ദേവാലയത്തിയാൽ അനുഭവിക്കാൻ സാധിക്കുമെന്ന് ഹ്യൂഗോ പെരസ് എന്ന മറ്റൊരു വിശ്വാസിയും പറഞ്ഞു.

ദേവാലയങ്ങൾ തുറക്കാനുളള തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്കും, സിറ്റി കൗൺസിലുകൾക്കുമാണ് മെക്സിക്കൻ ഫെഡറൽ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ 82% ജനങ്ങളും കത്തോലിക്ക വിശ്വാസം പിന്തുടരുന്നവരാണ്. അതേസമയം കാത്തലിക് മൾട്ടി മീഡിയ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈ പതിനഞ്ചു വരെ രാജ്യത്തു 46 വൈദികരും, ആറു ഡീക്കൻമാരും, മൂന്നു സന്യാസിനികളും കൊറോണ വൈറസ് ബാധ മൂലം മരണമടഞ്ഞിട്ടുണ്ട്. രാജ്യത്ത് ആകെ 3,85,000 ആളുകൾക്ക് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »