News - 2024

അത്ഭുതം, രോഗശാന്തി തുടങ്ങിയവ സിനിമകളില്‍ വേണ്ട: ക്രിസ്ത്യന്‍ ഉള്ളടക്കത്തിന് തടയിട്ട് ചൈന

പ്രവാചക ശബ്ദം 29-07-2020 - Wednesday

ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള ചൈനീസ് ജനതയുടെ പരിവര്‍ത്തന യാത്ര തടയുക എന്ന ലക്ഷ്യത്തോടെ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ദൃശ്യ മാധ്യമ മേഖലയില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. സിനിമ, ടിവി, റേഡിയോ തുടങ്ങിയ ദൃശ്യ ശ്രാവ്യ മേഖലയില്‍ അത്ഭുതം, രോഗശാന്തി പോലെയുള്ള ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടു സര്‍ക്കാര്‍ വിഭാഗമായ ‘നാഷണല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് റേഡിയോ ടിവി'യാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പുറത്തുവിട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇരുപതോളം വിഭാഗങ്ങളില്‍പ്പെട്ട ഉള്ളടക്കങ്ങള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രം, വിശുദ്ധ തിരുശേഷിപ്പുകള്‍, പിശാച് ബാധ തുടങ്ങിയവ നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. പ്രൊഡക്ഷന്റെ പരിധി കുറയുന്നതിനാല്‍ വ്യവസായത്തിനേറ്റ 'കനത്ത തിരിച്ചടി' എന്നാണ് ഷാങ്ഹായിലെ ടെലിവിഷന്‍ പ്രൊഡ്യൂസറായ വു ഡാക്സിയോങ് നിയന്ത്രണത്തെ വിശേഷിപ്പിച്ചത്. മതസ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിട്ടിരിക്കുന്ന ചൈനയില്‍ ദൈവ വിശ്വാസത്തെ പൂര്‍ണ്ണമായും നിരോധിക്കുന്നതാണിതെന്നു ജോസഫ് എന്ന കത്തോലിക്കാ സിനിമ നിര്‍മ്മാതാവ് പ്രതികരിച്ചു.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഇനിമുതല്‍ യേശുവിനെ ഒരു സാധാരണ മനുഷ്യനേപ്പോലെ അവതരിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ഗ്ഗനിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് ഷാന്‍ഡോങ്ങിലെ വൈദികനായ ഫാ. യോ രംഗത്ത് വന്നിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എഴുതിയതാണോ യഥാര്‍ത്ഥ ചരിത്രമെന്നും ജനങ്ങളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്നതിനായി പാര്‍ട്ടി വ്യാജ ടെലിവിഷന്‍ നാടകങ്ങള്‍ ഉണ്ടാക്കാറില്ലേയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. നിയന്ത്രണം ചൈനീസ് സിനിമകളെ മാത്രമല്ല ഹോളിവുഡ് സിനിമകളെയും ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »