News - 2025
വത്തിക്കാന്‍ അംഗീകാരമുള്ള ഭൂഗര്‍ഭ സഭയുടെ മെത്രാന് ചൈനീസ് ഭരണകൂടത്തിന്റെ അംഗീകാരം
പ്രവാചകശബ്ദം 28-08-2024 - Wednesday
ബെയ്ജിംഗ്: വത്തിക്കാന്‍ അംഗീകാരമുള്ള ചൈനയിലെ ഭൂഗര്‍ഭ സഭയുടെ മെത്രാന് ചൈനീസ് ഭരണകൂടം അംഗീകാരം നല്‍കി. ചൈനയിലെ ടിയാൻജിന്‍ രൂപതയുടെ അധ്യക്ഷനായി സേവനം ചെയ്യുന്ന ബിഷപ്പ് മെൽക്കിയോർ ഷി ഹോംങ്ജെന്നിന് സർക്കാർ ഔദ്യോഗിക അംഗീകാരം നല്കിയതിൽ പരിശുദ്ധ സിംഹാസനം സന്തോഷം രേഖപ്പെടുത്തി. ചൈനീസ് ഗവൺമെൻ്റിൻ്റെ ഔദ്യോഗിക പിന്തുണയുള്ള സഭയിൽ ചേരാൻ വിസമ്മതിച്ചതിനെ തുടർന്ന് തൊണ്ണൂറ്റിയഞ്ചുകാരനായ ഷി ഒരിക്കൽ വീട്ടുതടങ്കലില്‍ കഴിയേണ്ടി വന്നിരിന്നു.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബർ 22ന് ബെയ്‌ജിങ്ങിൽവെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന താത്കാലിക കരാർ ഇരുകൂട്ടരും ഒപ്പിട്ടത്.
എന്നാല്‍ കരാറിന് ശേഷവും രഹസ്യ സഭയിലെ വിശ്വാസികളും, വൈദികരും സർക്കാർ അംഗീകാരമുള്ള സഭയുടെ ഭാഗമാകാൻ നിർബന്ധിതരാകുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ക്രൈസ്തവര്‍ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. നിലവില്‍ സര്‍ക്കാര്‍ നല്‍കിയ അംഗീകാരത്തെ ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ നോക്കികാണുന്നത്. 1954 ജൂലൈ 4-ന് വൈദികനായി അഭിഷിക്തനായ ഷി, 1982 ജൂൺ 15-ന് ടിയാൻജിനിലെ സഹായ മെത്രാനായി സ്ഥാനമേറ്റു. 2019 ജൂൺ 8-ന് ടിയാൻജിൻ രൂപതയുടെ ബിഷപ്പായി നിയമിതനായി. 56,000 കത്തോലിക്ക വിശ്വാസികളാണ് രൂപതയിലുള്ളത്. 62 വൈദികരാണ് രൂപതയില്‍ സേവനം ചെയ്യുന്നത്.