Life In Christ

113 ദിവസം, 2755 പേപ്പര്‍, 32 പേന: റെജിന്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതിയത് നല്ലൊരു അപ്പനാകുവാന്‍

പ്രവാചക ശബ്ദം 31-07-2020 - Friday

തൃശൂര്‍: പിറക്കാന്‍ പോകുന്ന കുഞ്ഞിന് വേണ്ടി ലോക്ക്ഡൗണ്‍ കാലത്ത് സമ്പൂര്‍ണ്ണ ബൈബിള്‍ പൂര്‍ണ്ണമായും പകര്‍ത്തിയെഴുതി ശ്രദ്ധേയനാകുകയാണ് തൃശൂര്‍ സ്വദേശിയായ റെജിന്‍. കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പേര്‍ട്ടില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ റെജിന്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ ലഭിച്ച സമയം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി 113 ദിവസം കൊണ്ടാണ് വിശുദ്ധ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി ഒരുക്കിയിരിക്കുന്നത്. ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ജനിക്കുവാന്‍ പോകുന്ന കുഞ്ഞിനായി, നല്ലൊരു അപ്പനാകുവാനും വേണ്ടിയുമാണ് ബൈബിള്‍ എഴുതുവാന്‍ ആരംഭിച്ചതെന്ന് റെജിന്‍ പറയുന്നു.

ഏപ്രില്‍ ഒന്നിനാണ് റെജിന്‍ ബൈബിള്‍ എഴുതുവാന്‍ ആരംഭിച്ചത്. ബൈബിള്‍ പകര്‍ത്തി എഴുതുവാന്‍ പിന്തുണയും പ്രോത്സാഹനവും നല്‍കി ഭാര്യ ചോയ്സും റെജിന്റെ മാതാവ് ഷീബയും ഒപ്പമുണ്ടായിരുന്നു. സമ്പൂര്‍ണ ബൈബിള്‍ എഴുതി പൂര്‍ത്തിയാക്കാനായി 2755 എഫോര്‍ ഷീറ്റ് പേപ്പറുകളും 32 പേനകളും ഉപയോഗിച്ചു. ബൈബിള്‍ എഴുതുന്നതിന് മുന്‍പ് കാരമുക്ക് സെന്റ് ആന്റണിസ് ഇടവക വികാരി ഫാ. ഫിനോഷ് കീറ്റിക്കയില്‍ നിന്ന് റെജിന്‍ അനുഗ്രഹം തേടിയിരുന്നു. ഒരാളെങ്കിലും ഇതുപോലെ ബൈബിള്‍ എഴുതുവാന്‍ ആരംഭിക്കുകയാണെങ്കില്‍ അത് തനിക്ക് ഏറെ സന്തോഷം നല്‍കുമെന്ന് മതബോധന അധ്യാപകന്‍ കൂടിയായ ഈ ചെറുപ്പക്കാരന്‍ പറയുന്നു.

റെജിന്‍ പകര്‍ത്തി എഴുതിയ സമ്പൂര്‍ണ ബൈബിള്‍ തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് കൈമാറിയിട്ടുണ്ട്. ദൈവവചനത്തോടുള്ള തന്റെ ആഭിമുഖ്യം പൂര്‍ണ്ണമായും പ്രകടമാക്കി ബൈബിള്‍ എഴുതിയ റെജിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും വചനമായ ദൈവം റെജിന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ലോക മോഹങ്ങള്‍ക്ക് ഇടയില്‍ ഇന്നത്തെ യുവസമൂഹം പായുമ്പോള്‍ ക്രിസ്തുവിലുള്ള തന്റെ ആഴമായ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന ഈ ചെറുപ്പക്കാരന് സോഷ്യല്‍ മീഡിയായില്‍ അഭിനന്ദനപ്രവാഹമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »