News - 2024
ഫാ. ബാബു പാണാട്ടുപറമ്പില്‍ റോമിലെ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടര്‍
01-08-2020 - Saturday
കാക്കനാട്: റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സീറോമലബാര്‍ സഭയ്ക്കു റോം രൂപത നല്‍കിയ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി തൃശൂര്‍ അതിരൂപതയിലെ വൈദികനായ ഫാ. ബാബു പാണാട്ടുപറമ്പില്‍ നിയമിതനായി. റോം രൂപതയുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന സീറോമലബാര്‍ വിശ്വാസികളുടെ ചാപ്ലെയിനായും അദ്ദേഹം നിയമിക്കപ്പെട്ടിട്ടുണ്ട്. സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശപ്രകാരമാണ് റോം രൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരി ജനറാള്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് പുതിയ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്.
1963-ല്‍ തൃശൂര്‍ അതിരൂപതയിലെ പുതുക്കാട് പാണാട്ടുപറമ്പില്‍ വറീതിന്‍റെയും ത്രേസ്യാ മ്മയുടെയും ഒമ്പതു മക്കളിലൊരുവനായി ജനിച്ച ഫാ. ബാബു പ്രാഥമിക പഠനങ്ങള്‍ ക്കുശേഷം 1981-ല്‍ അതിരൂപതാ മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ചു. 1990-ല്‍ അഭിവന്ദ്യ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്നു വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ഏഴുവര്‍ഷത്തെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കുശേഷം റോമിലേയ്ക്ക് ഉപരിപഠനത്തിനായി അയക്കപ്പെട്ടു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 2004-ല്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റു കരസ്ഥമാക്കിയ അദ്ദേഹം അതിരൂപതയിലെ വിവിധ പ്രവര്‍ത്തനമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.
അതിരൂപത യുവജന ഡയറക്ടര്‍, മേരിമാതാ മേജര്‍ സെമിനാരി റെക്ടര്‍, അതിരൂപതാ നോട്ടറി, പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ്, അതിരൂപതാ ആലോചനാ സമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അരണാട്ടുകര ഇടവകയില്‍ വികാരിയായി സേവനമനുഷ്ഠിച്ചു വരവേയാണു റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ഉത്തരിവാദിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇംഗ്ലീഷിനു പുറമേ ഇറ്റാലിയന്‍, ജര്‍മന്‍ എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഫാ. ബാബു പാണാട്ടുപറമ്പില്‍ അറിയപ്പെടുന്ന ഒരു പ്രഭാഷകനുമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക