News - 2024

വിദേശ ക്രിസ്ത്യാനികളെ രാജ്യത്ത് നിന്നും പുറത്താക്കുവാനുള്ള നീക്കവുമായി തുര്‍ക്കി ഭരണകൂടം

പ്രവാചക ശബ്ദം 07-08-2020 - Friday

ഇസ്താംബൂള്‍: വര്‍ഷങ്ങളായി തുര്‍ക്കിയില്‍ താമസിച്ചു വരുന്ന വിദേശ ക്രൈസ്തവര്‍ രാജ്യം വിടുവാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ സമൂഹത്തെ ഇല്ലായ്മ ചെയ്യുവാനുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ അജണ്ടയെ തുടര്‍ന്നു ദശകങ്ങളായി തുര്‍ക്കിയില്‍ സ്വന്തം വീടും കുടുംബവുമായി താമസിച്ചുവരുന്ന വിദേശ ക്രിസ്ത്യാനികള്‍ തുര്‍ക്കിയില്‍ നിന്ന് പുറത്തുപോകാനും വിദേശത്തേക്ക് പോയവര്‍ക്ക് രാജ്യത്തേക്ക് തിരികെ വരുവാനോ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നു മിഡില്‍ ഈസ്റ്റ് കണ്‍സേണ്‍ (എം.ഇ.സി) എന്ന സംഘടനയിലെ നിരീക്ഷകന്‍ പറയുന്നു. തുര്‍ക്കിയില്‍ സേവനം ചെയ്തുവരുന്ന ഏതാണ്ട് മുപ്പതിലധികം വിദേശ ക്രൈസ്തവര്‍ക്ക് ഇത്തരത്തിലുള്ള നിരോധനങ്ങള്‍ ലഭിച്ചിട്ടുള്ളതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 19 വര്‍ഷമായി തുര്‍ക്കിയില്‍ താമസിച്ചു വരുന്ന കാര്‍ലോസ് മാഡ്രിഗാല്‍ എന്ന സ്പെയിന്‍ സ്വദേശി ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ഒരു വിശ്വാസിയാണെന്ന് 'ക്രിസ്ത്യന്‍ ഹെഡ്‌ലൈന്‍സ്‌' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്താംബൂള്‍ പ്രൊട്ടസ്റ്റന്റ് ഫൌണ്ടേഷന്റെ (ഐ.പി.സി.എഫ്) നേതാവായ അദ്ദേഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. പാസ്പോര്‍ട്ടില്‍ തുര്‍ക്കിവിട്ടാല്‍ വീണ്ടും രാജ്യത്തേക്ക് തിരികെ വരുന്നത് തടഞ്ഞുകൊണ്ട് സീല്‍ ചെയ്തിരിക്കുന്ന വിവരം ഈ അടുത്തകാലത്താണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വിദേശികളായ പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകര്‍ക്ക് തുര്‍ക്കിയില്‍ കഴിയുന്നത് ഓരോ ദിവസവും ദുസഹമായി കൊണ്ടിരിക്കുകയാണെന്ന്‍ ഐ.പി.സി.എഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

തുര്‍ക്കിയിലെ വചനപ്രഘോഷകന്റെ ഭാര്യയും മൂന്ന്‍ കുട്ടികളുടെ അമ്മയുമായ അന്ന സുബാസിഗുല്ലര്‍ എന്ന അമേരിക്കന്‍ സ്വദേശിനിയുടെ ഫാമിലി വിസ നിരോധിച്ച കാര്യം ജര്‍മ്മന്‍ മാധ്യമം പുറത്തുവിട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 24ന് തന്റെ കുടുംബത്തോടൊപ്പം ഇസ്താംബൂളിന് പുറത്തുപോകുവാന്‍ തയ്യാറെടുത്തിരുന്ന മറ്റൊരു അമേരിക്കന്‍ വചനപ്രഘോഷകനും തിരികെ വരുവാന്‍ കഴിയില്ലെന്നറിഞ്ഞതോടെ തന്റെ യാത്ര റദ്ദാക്കിയിരുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളായി തുര്‍ക്കിയില്‍ താമസിച്ചു വന്നിരുന്ന ഹാന്‍സ് ജുര്‍ഗന്‍ ലൌവാന്‍ എന്ന ജര്‍മ്മന്‍ സ്വദേശിയുടെ റെസിഡന്‍സ് വിസ പുതുക്കുന്നതിനുള്ള അപേക്ഷയും പിന്തള്ളപ്പെട്ടു. ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന തുര്‍ക്കി ക്രൈസ്തവ പീഡനത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »