News - 2025
ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി കെസിബിസിയുടെ പുതിയ ഡപ്യൂട്ടി സെക്രട്ടറി
പ്രവാചക ശബ്ദം 07-08-2020 - Friday
കൊച്ചി: കേരള കത്തോലിക്ക മെത്രാന് സമിതിയുടെ പുതിയ ഡപ്യൂട്ടി സെക്രട്ടറിയായും പിഒസി ഡയറക്ടറായും എറണാകുളം - അങ്കമാലി മേജര്‍ അതിരൂപതാംഗമായ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പള്ളിയെ തെരെഞ്ഞെടുത്തു. നിലവിലെ ഡപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നു കെസിബിസി വര്‍ഷകാല സമ്മേളനത്തിലാണു പുതിയ ഡപ്യൂട്ടി സെക്രട്ടറിയെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി, എറണാകുളം - അങ്കമാലി അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ മാനേജര്‍, തൃക്കാക്കര ഭാരതമാതാ കോളേജ് മാനേജര്‍, കത്തോലിക്ക കോണ്‍ഗ്രസിന്റെയും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെയും സംസ്ഥാന ഡയറക്ടര്‍, സീറോ മലബാര്‍ സഭ വിദ്യാഭ്യാസ സിനഡല്‍ കമ്മീഷന് സെക്രട്ടറി, കേരള കാത്തലിക് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കണ്‍സോര്‍ഷ്യം ചെയര്മാന്, രൂപത ബുള്ളറ്റിന് എഡിറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. എഴുപുന്ന, കിഴക്കമ്പലം പള്ളികളില്‍ സഹവികാരിയായും ഇല്ലിത്തോട് പെരിയാര്‍മുഖം, വരാപ്പുഴ, ചേരാനല്ലൂര്‍ എന്നിവിടങ്ങളിലും കല്യാണ്‍ രൂപതയിലെ വിവിധ പള്ളികളിലും വികാരിയായും സേവനം ചെയ്തു.