News

ബൈബിള്‍ അഗ്നിക്കിരയാക്കി: ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ പ്രതിഷേധത്തിലെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടം

പ്രവാചക ശബ്ദം 03-08-2020 - Monday

പോര്‍ട്ട്‌ലാന്‍ഡ്: അമേരിക്കയില്‍ ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ പ്രതിഷേധ മറവില്‍ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നു. പ്രതിഷേധത്തിന്റെ പേരില്‍ പോര്‍ട്ട്‌ലാന്‍ഡില്‍ ഫെഡറല്‍ കോര്‍ട്ട്ഹൗസിന് മുന്നില്‍ പ്രക്ഷോഭകര്‍ ബൈബിള്‍ പരസ്യമായി കത്തിച്ചെന്നുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നത്. അതേസമയം പോലീസിന്റെ ക്രൂരതക്കെതിരെയുള്ള പ്രതിഷേധവും ബൈബിളും തമ്മിലുള്ള ബന്ധമെന്തെന്നാണ് സമൂഹത്തില്‍ നിന്നുയരുന്ന ചോദ്യം. സംഭവത്തോടെ ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ പ്രതിഷേധങ്ങളുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങള്‍ വീണ്ടും ബലപ്പെട്ടിരിക്കുകയാണ്.

‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി ഫെഡറല്‍ കോര്‍ട്ട്ഹൗസിന്റെ മുന്നിലുള്ള തെരുവില്‍ തടിച്ചുകൂടിയ ഒരു സംഘം ആളുകള്‍ തീകത്തിച്ച് അതിലേക്ക് ബൈബിളുകളും അമേരിക്കന്‍ പതാകയും എറിയുകയായിരുന്നു. ഹ്യൂമന്‍ ഇവന്റ്സിന്റെ മാനേജിംഗ് എഡിറ്ററായ ഇയാന്‍ ചിയോങ്ങു ഹീനമായ പ്രവര്‍ത്തിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധരായ ഇടതുപക്ഷവാദികളാണ് ഇതിന്റെ പിന്നിലെന്ന്‍ ഇയാന്‍ ചോങ്ങ് ആരോപിച്ചു. നൂറ്റാണ്ടുകളായി ഉയര്‍ത്തിക്കൊണ്ടുവന്ന പാശ്ചാത്യ നാഗരികതയേയും, പാരമ്പര്യത്തേയും, മതസ്വാതന്ത്ര്യത്തേയും തകര്‍ക്കുന്നതാണ് പ്രതിഷേധമെന്നും ചോങ്ങിന്റെ ട്വീറ്റില്‍ പറയുന്നു. യു‌എസ് പ്രസിഡന്റിന്റെ മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറും നടപടിയെ അപലപിച്ചിട്ടുണ്ട്.

മെയ് 25ന് ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ മരണത്തെ തുടര്‍ന്ന്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം, അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴുതിമാറി ക്രിസ്തീയ വിരുദ്ധതയിലേക്ക് തിരിഞ്ഞിരിക്കുന്ന രീതിയിലാണ് നിലവിലെ പ്രതിഷേധത്തിന്റെ പോക്ക്. യേശു ക്രിസ്തുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും അനേകം വിശുദ്ധരുടെയും രൂപങ്ങള്‍ പ്രതിഷേധത്തിനിടെ ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ അനുയായികള്‍ തകര്‍ത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ആഴ്ച തെരുവ് സുവിശേഷകനെതിരെ ഭീഷണി മുഴക്കുന്ന ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍ അനുയായികളായ ആന്റിഫ പ്രതിഷേധക്കാരുടെ വീഡിയോ പുറത്ത് വന്നിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »