News - 2024

എല്‍ സാല്‍വദോറില്‍ സെമിനാരി റെക്ടറായ വൈദികന്‍ കൊല്ലപ്പെട്ടു

പ്രവാചക ശബ്ദം 12-08-2020 - Wednesday

സക്കാടെകോലുക്ക: മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ അജ്ഞാതരുടെ വെടിയേറ്റ്‌ സെമിനാരി റെക്ടര്‍ കൊല്ലപ്പെട്ടു. സക്കാടെകോലുക്കയിലെ സാന്റിയാഗോ ഡെ മരിയ മുനിസിപ്പാലിറ്റിയിലെ സെന്റ്‌ ഓസ്കാര്‍ അര്‍ണൂള്‍ഫോ റൊമേറോ മേജര്‍ സെമിനാരിയുടെ റെക്ടറായ ഫാ. റിക്കാര്‍ഡോ അന്റോണിയോ കോര്‍ട്ടെസ് ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് അജ്ഞാതരുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്. സാന്‍ സാല്‍വദോറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ എല്‍ ലിറ്റോറല്‍ ഹൈവേയുടെ അരികില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിനരികിലായിട്ടാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈദികന്റെ മൃതദേഹം സംസ്കരിച്ചു. അതേസമയം വൈദികന്റെ മരണം സംബന്ധിച്ച യാതൊരു വിവരവും ഇതുവരെ സാല്‍വദോറിയന്‍ സെക്യൂരിറ്റി അതോറിറ്റി പുറത്തുവിട്ടിട്ടില്ല. ഫാ. കോര്‍ട്ടെസിന്റെ അകാല മരണത്തില്‍ സക്കാടെകോലുക്ക രൂപതാധ്യക്ഷന്‍ ബിഷപ്പ് ഏലിയാസ് സാമുവല്‍ ബൊലാനോസ് അവേലാര്‍ അനുശോചനം രേഖപ്പെടുത്തി. തന്റെ അജഗണങ്ങള്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു ഫാ. കോര്‍ട്ടെസെന്നു കൊലപാതകത്തെ അപലപിച്ചുകൊണ്ട് മെത്രാന്‍ പറഞ്ഞു. കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഫാ. കോര്‍ട്ടെസ്. ലോകത്ത് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് എല്‍ സാല്‍വദോര്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »