News - 2024

എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതി

പ്രവാചക ശബ്ദം 12-08-2020 - Wednesday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ആശങ്കകള്‍ക്ക് അയവ് വരുത്തിക്കൊണ്ട് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നു വെളിപ്പെടുത്തല്‍. പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയ്നാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. കടുത്ത വേദനയുള്ള അസുഖമായിരുന്നു മുന്‍ പാപ്പയ്ക്കുണ്ടായിരുന്നതെന്നും ഇപ്പോള്‍ രോഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ജന്മനാടായ ജര്‍മ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റില്‍ അവധിക്കാലം ചിലവഴിച്ചുകൊണ്ടിരിക്കുന്ന മോണ്‍. ഗാന്‍സ്വെയ്ന്‍ ‘സഡ്കിയര്‍’ എന്ന വാര്‍ത്താമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സഹോദരന്‍ ജോര്‍ജ്ജ് റാറ്റ്സിംഗറിന്റെ മരണത്തോടെയാണ് മുന്‍പാപ്പയ്ക്കു മാരകമല്ലെങ്കിലും, കടുത്ത വേദനയുളവാക്കുന്ന രോഗം ബാധിച്ചതെന്നാണ് മോണ്‍. ഗാന്‍സ്വെയിന്‍ പറയുന്നത്.

പാപ്പയ്ക്കു ഗുരുതരമായ രോഗബാധയുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ പീറ്റര്‍ സീവാള്‍ഡിനെ ഉദ്ധരിച്ച് ‘പാസ്സൌര്‍ ന്യൂനെ പ്രസ്സെ’ എന്ന ജര്‍മ്മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, മുന്‍ പാപ്പയുടെ ആരോഗ്യപ്രശ്നങ്ങള്‍ അത്ര ഗുരുതരമല്ലെന്ന് ഓഗസ്റ്റ്‌ മൂന്നിന് വത്തിക്കാന്‍ വ്യക്തമാക്കി. ബെനഡിക്ട് പാപ്പ വളരെയധികം ശാരീരിക വേദന ഉണ്ടാകുന്നതുമായ സാംക്രമിക ത്വക്കുരോഗം 'എറിസിപ്പെലസ്' രോഗത്തിനടിമയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. താന്‍ മരിക്കുകയാണെങ്കില്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ അടക്കിയിരിക്കുന്ന കല്ലറയില്‍ തന്നേയും അടക്കണമെന്ന് മുന്‍ പാപ്പ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.


Related Articles »