News - 2024

സെമിത്തേരി ഹരിത മേഖലയായി പ്രഖ്യാപിച്ചു: തുർക്കിയുടെ ക്രൈസ്തവ വിരുദ്ധത വീണ്ടും

പ്രവാചക ശബ്ദം 20-08-2020 - Thursday

സമൻഡാഗ്: തുർക്കിയിലെ സമൻഡാഗ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ക്രിസ്ത്യന്‍ സെമിത്തേരി ഹരിത മേഖലയായി പ്രഖ്യാപിച്ച് വീണ്ടും തുര്‍ക്കിയുടെ ക്രൈസ്തവ വിരുദ്ധത. പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിൽ സ്ഥിതിചെയ്യുന്ന ഓർത്തഡോക്സ് ദേവാലയത്തിന് സമീപത്തെ സെമിത്തേരിയാണ് ഭരണകൂടം ഹരിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വിശദീകരണത്തിനായി സഭാനേതൃത്വം മുനിസിപ്പാലിറ്റിയെ സമീപിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചിട്ടില്ല. വികസന പദ്ധതിയുടെ ഭാഗമായി സെമിത്തേരി ഹരിത മേഖലയായി പ്രഖ്യാപിച്ചതെന്നാണ് ഭരണകൂടം പറയുന്നത്. തുർക്കിയുടെ സാംസ്കാരിക ടൂറിസം വകുപ്പ് ഇതിന് അനുമതിയും നൽകി.

അതേസമയം മേഖലയിൽ ക്രൈസ്തവ സെമിത്തേരിയായി ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വികസന പദ്ധതിയുടെ പേര് പറഞ്ഞ് മുൻസിപ്പാലിറ്റി സെമിത്തേരിയുടെ പദവി മാറ്റാൻ ശ്രമം നടത്തിയതിനെ സമൻഡാഗ് ഗ്രീക്കു ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫൗണ്ടേഷൻ ശക്തമായി എതിർത്തെങ്കിലും, ഇതിനു മുന്‍പത്തെ ഭരണകൂടത്തെ പഴിച്ച് അധികാരികൾ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി. നിരവധി തരിശുഭൂമികൾ ജില്ലയിൽ വെറെയുണ്ടെങ്കിലും, സെമിത്തേരി ഇരിക്കുന്ന പ്രദേശം മാത്രം ഹരിത മേഖലയായി പ്രഖ്യാപിക്കാൻ ഭരണകൂടം എടുത്ത തീരുമാനമാണ് സംശയമുയര്‍ത്തുന്നത്.

തുർക്കിയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ തുടർക്കഥയായാണ് സംഭവത്തെ നിരീക്ഷകർ കാണുന്നത്. തുർക്കി സർക്കാർ ക്രൈസ്തവ സഭകളെ നിയമപരമായി അംഗീകരിക്കുന്നില്ലാത്തതിനാൽ ഫൗണ്ടേഷൻ, അസോസിയേഷൻ തുടങ്ങിയ പദവികളാണ് സഭകൾക്ക് ലഭിക്കുന്നത്. പലപ്പോഴും ക്രൈസ്തവ ദേവാലയങ്ങൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഭരണകൂടം പിടിച്ചെടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രൈസ്തവ സഭകൾ നേരിടുന്ന പ്രതിസന്ധികളിൽ നിയമത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി പ്രാദേശിക ഭരണകൂടങ്ങൾ ഇടപെടാറില്ല. അടുത്തിടെയാണ് അന്താരാഷ്ട്ര എതിർപ്പുകളെ അവഗണിച്ച് ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ, തുർക്കി സർക്കാർ മുസ്ലിം പള്ളിയാക്കി മാറ്റിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »