News - 2024

വത്തിക്കാന്‍ അംഗീകാരത്തോടെ ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സഭക്ക് ആറാമത് മെത്രാന്‍

പ്രവാചക ശബ്ദം 21-08-2020 - Friday

ബെയ്ജിംഗ്: ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭക്ക് വത്തിക്കാന്‍ അംഗീകാരത്തോടെ പുതിയൊരു മെത്രാന്‍ കൂടി. മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലവില്‍വന്ന വത്തിക്കാന്‍ - ചൈന കരാറിന് ശേഷം നിയമിക്കപ്പെടുന്ന ആറാമത്തെ മെത്രാനാണ് കിഴക്കന്‍ ചൈനയിലെ സേജിയാങ് പ്രവിശ്യയിലെ നിങ്ബൊ രൂപതാ മെത്രാനായി അഭിഷിക്തനായ ബിഷപ്പ് ജിന്‍ യാങ്ങ്കെ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഓഗസ്റ്റ് 18) ചൈനീസ് കാത്തലിക് പാട്രിയോടിക് അസോസിയേഷന്റേയും (സി.സി.പി.എ), ചൈനീസ് മെത്രാന്‍ സമിതിയുടേയും (ബി.സി.സി.സി.സി) സാന്നിധ്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് അഭിഷേക കര്‍മ്മം നടന്നത്. 2018 സെപ്റ്റംബറിലുണ്ടാക്കിയ വത്തിക്കാന്‍-ചൈന കരാറിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളുടെ ഫലമാണ് അറുപത്തിരണ്ടുകാരനായ ബിഷപ്പ് ജിന്‍ യാങ്ങ്കെയുടെ നിയമനം.

ബി.സി.സി.സി.സി ചെയര്‍മാനും, സി.സി.പി.എ വൈസ് ചെയര്‍മാനുമായ ബിഷപ്പ് ജോസഫ് മാ യിംഗ്ലി അഭിഷേക കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 30 വീതം വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ ഏതാണ്ട് നൂറ്റിയന്‍പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 2012ല്‍ വത്തിക്കാന്‍ അംഗീകൃത സഭാംഗമായിരുന്ന ബിഷപ്പ് മാത്യു ഹു സിയാണ്ടെ ‘യാങ്ങ്കെ’യെ രഹസ്യമായി സഹായ മെത്രാനായി നിയമിച്ചിരിന്നു. ബിഷപ്പ് ഹു’വിന്റെ നിര്യാണ ശേഷം യാങ്ങ്കെ നിങ്ബൊ രൂപതയുടെ മെത്രാനായി തുടര്‍ന്നു. പുതിയ നിയമനത്തോടെ വത്തിക്കാന്റേയും സര്‍ക്കാരിന്റേയും അംഗീകാരമുള്ള മെത്രാനായി മാറിയിരിക്കുകയാണ് അദ്ദേഹം. 1990ല്‍ തിരുപ്പട്ടം സ്വീകരിച്ച യാങ്ങ്കെ സേജിയാങ് പ്രവിശ്യാ ചര്‍ച്ച് അഫയേഴ്സ് വൈസ് ഡയറക്ടറായും, നിങ്ബൊ രൂപതാ സി.സി.പി.എ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.

ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍ - ചൈന കരാര്‍ 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്നത്. മെത്രാന്മാരുടെ നിയമനം അടക്കമുള്ള വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചുപൂട്ടിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »