News

ക്രൈസ്തവര്‍ക്ക് ഇസ്ലാമിലേക്ക് മതം മാറാൻ 1186 ഡോളര്‍: പാക്ക് വ്യവസായിയുടെ വീഡിയോ വിവാദത്തിൽ

പ്രവാചക ശബ്ദം 25-08-2020 - Tuesday

കറാച്ചി: ഇസ്ലാമിലേക്ക് മതം മാറിയാൽ ക്രൈസ്തവര്‍ക്ക് 1186 അമേരിക്കൻ ഡോളർ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന പാക്കിസ്ഥാൻ വ്യവസായിയുടെ ടിക് ടോക് വീഡിയോ വിവാദത്തിൽ. വസ്ത്ര വ്യാപാരിയായ കാഷിഫ് സമീർ ചൗധരി എന്നയാളുടെ വീഡിയോയാണ് അന്താരാഷ്ട്ര തലത്തിൽ പോലും ചർച്ചാവിഷയം ആയിരിക്കുന്നത്. ഒരു ക്രൈസ്തവ കുടുംബം മുഴുവനായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്താൽ 5930 ഡോളര്‍ നൽകാമെന്നും ഇയാൾ പറയുന്നുണ്ട്. ഏറ്റവും മികച്ച മതം ഇസ്ലാമാണെന്നാണ് ചൗധരിയുടെ അവകാശവാദം. ആളുകളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ സഹായിച്ചാൽ നിത്യതയിൽ പ്രതിഫലം ലഭിക്കുമെന്നും ഇയാൾ പറയുന്നു. വലിയ സ്വര്‍ണ്ണമാല ധരിച്ചുകൊണ്ടാണ് ഇയാളുടെ വാഗ്ദാനം.

ഇരുപത്തിമൂന്നാം തീയതി പഞ്ചാബ് ഗവർണറായ ചൗധരി മുഹമ്മദ് സർവാറിനെ അഭിവാദനം ചെയ്തു കൊണ്ട് മറ്റൊരു വീഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ചൗധരിക്ക് ഉണ്ടെന്ന് ഈ വീഡിയോ തെളിയിക്കുകയാണ്. പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ സാമ്പത്തിക ദയനീയാവസ്ഥ കണക്കിലെടുത്ത് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മതപരിവർത്തനം നടത്തുന്നതിനെതിരെ വിശ്വാസി സമൂഹം വിയോജിപ്പ് പ്രകടിപ്പിച്ചു. നിരവധി മുസ്ലീം യുവാക്കൾ ചേർന്ന് ഒരു ക്രൈസ്തവ യുവാവിനെ ഇസ്ലാമിക വിശ്വാസ പ്രമാണം ചൊല്ലാൻ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ ജൂലൈ മാസം ടിക്ടോക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ബിലാൽ മാഹർ 479 എന്ന അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയിൽ എന്ത് പ്രത്യാഘാതം നേരിട്ടാലും തന്റെ വിശ്വാസം ഉപേക്ഷിക്കില്ലെന്ന് ധീരതയോടെ ക്രൈസ്തവ യുവാവ് പറയുന്നതായുള്ള ദൃശ്യങ്ങൾ കാണാൻ സാധിക്കും. ഇത്തരത്തിലുള്ള വീഡിയോകൾ ടിക്ടോക്കിൽ പോസ്റ്റ് ചെയ്യുന്ന ആളുകളെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന് കറാച്ചിയിലെ മനുഷ്യാവകാശ പ്രവർത്തകയും അധ്യാപികയുമായ മറിയം കാഷിഫ് അന്തോണി പറഞ്ഞു. ക്രൈസ്തവർക്ക് പണമില്ലെങ്കിലും, ക്രൈസ്തവർ ദുർബലരാണെങ്കിലും തങ്ങൾ ക്രിസ്തുവിൽ ഉറച്ചുവിശ്വസിക്കുന്നു. മനുഷ്യർക്ക് തോൽപ്പിക്കാൻ സാധിക്കാത്ത കർത്താവായ യേശുവിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും മറിയം കൂട്ടിചേർത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »