News - 2024

വംശവെറിയ്ക്കെതിരെ ഉപവാസ പ്രാര്‍ത്ഥനാദിനാചരണവുമായി യു‌എസ് മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 31-08-2020 - Monday

വിസ്കോണ്‍സിന്‍: അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ആഹ്വാനമനുസരിച്ച് വംശീയതയുടെ അന്ത്യത്തിനായി അമേരിക്കയിലെ കത്തോലിക്ക സമൂഹം പ്രാര്‍ത്ഥനാദിനം ആചരിച്ചു. “ഐ ഹാവ് എ ഡ്രീം” എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ വിശ്വവിഖ്യാതമായ പ്രസംഗത്തിന്റെ പേരില്‍ അറിയപ്പെടുന്ന സിവില്‍ റൈറ്റ്സ് മാര്‍ച്ചിന്റെ അന്‍പത്തിയേഴാമത് വാര്‍ഷികദിനമായിരിന്ന ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രാര്‍ത്ഥനാദിനമാചരിച്ചത്.

ആഗസ്റ്റ് ഇരുപത്തിയെട്ടിനോ പതിനേഴാം നൂറ്റാണ്ടില്‍ തെക്കേ അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരായ അടിമകള്‍ക്കിടയില്‍ സേവനം ചെയ്തിരുന്ന വിശുദ്ധ പീറ്റര്‍ ക്ളാവറിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ ഒന്‍പതിനോ പ്രാര്‍ത്ഥന നടത്താനായിരിന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ വംശീയ വിരുദ്ധ സമിതിയുടെ ചെയര്‍മാനായ ബിഷപ്പ് ഷെല്‍ട്ടണ്‍ ഫാബ്രെ വ്യാഴാഴ്ച പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നത്.

ഓഗസ്റ്റ് 23ന് വിസ്കോണ്‍സിനിലെ കെനോഷയില്‍ ജേക്കബ് ബ്ലേക്ക് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ പോലീസ് വെടിവെച്ചതിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ പലപ്പോഴും അക്രമാസക്തമായിരിന്നു. പ്രതിഷേധങ്ങള്‍ക്കിടയില്‍ പട്ടണത്തിലെ കടകള്‍ കൊള്ളയടിക്കപ്പെടുന്നത് തടയുവാന്‍ ആയുധധാരികളായ ആളുകള്‍ സംഘം ചേര്‍ന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടയില്‍ കൊള്ളയും കൊള്ളിവെയ്പ്പും നടക്കുന്നുണ്ട്. രണ്ടു പേര്‍ കൊല്ലപ്പെട്ടു.

കെനോഷ നഗരത്തിലെ സെന്റ്‌ ജെയിംസ് ദേവാലയം പ്രതിഷേധക്കാര്‍ അലംകോലമാക്കിയിരിന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. തങ്ങളുടെ ജീവിതകാലത്ത് വംശീയതക്കെതിരെ പോരാടിയ വിശുദ്ധ കാതറിന്‍ ഡ്രേക്സേല്‍, വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ തുടങ്ങിയവരുടെ മാധ്യസ്ഥം അപേക്ഷിക്കുകയും, പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും, ജപമാല അര്‍പ്പിക്കുകയും കഴിയുമെങ്കില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുകയും ചെയ്യണമെന്നായിരുന്നു ബിഷപ്പ് ഫാബ്രെ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.


Related Articles »