News - 2024

വിശുദ്ധ കുര്‍ബാനയ്ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണം: സര്‍ക്കാരിന് സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്തയുടെ കത്ത്

പ്രവാചക ശബ്ദം 01-09-2020 - Tuesday

സാന്‍ ഫ്രാന്‍സിസ്കോ: ദേവാലയത്തിന് പുറത്തുള്ള പൊതു ആരാധനകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വത്തോറെ കോര്‍ഡിലിയോണ്‍, മേയര്‍ ലണ്ടന്‍ ബ്രീഡിനോടും മറ്റ് സര്‍ക്കാര്‍ അധികാരികളോടും ആവശ്യപ്പെട്ടു. വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതും ദിവ്യകാരുണ്യം സ്വീകരിക്കുന്നതും വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണെന്ന് ഓഗസ്റ്റ് 31ന് എഴുതിയ കത്തില്‍ മെത്രാപ്പോലീത്ത കുറിച്ചു. 12 പേരില്‍ കൂടുതലുള്ള പൊതു കുര്‍ബാനകള്‍ നടത്താന്‍ പാടില്ലെന്നാണ് സാന്‍ ഫ്രാന്‍സിസ്കോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദ്ദേശം.

പൊതു ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് ഒന്നാം ഭരണഘടന ഭേദഗതി പ്രകാരമുള്ള അവകാശങ്ങളുടേയും, വിശ്വാസികളായവരുടെ ആത്മീയ ആവശ്യങ്ങളുടേയും ലംഘനമാണെന്നും മെത്രാപ്പോലീത്തയുടെ കത്തില്‍ പറയുന്നുണ്ട്. മേഖലയില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ മാത്രമാണ് പൊതുസ്ഥലങ്ങളിലുള്ള കുര്‍ബാനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടുന്നു. ഭക്ഷണശാലകള്‍ക്കും പലചരക്ക് കടകള്‍ക്കും നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ പ്രാധാന്യമാണ് ദൈവവിശ്വാസത്തിനു നല്‍കുന്നത്. കൊറോണക്കാലത്ത് ദേവാലയങ്ങളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന്‍ വിദഗ്ദ ഡോക്ടര്‍മാര്‍ സമീപകാലത്ത് പുറത്തുവിട്ട ലേഖനത്തെക്കുറിച്ചും മെത്രാപ്പോലീത്ത പരാമര്‍ശിക്കുന്നുണ്ട്.

ആരോഗ്യപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ പത്തു ലക്ഷത്തോളം വിശുദ്ധ കുര്‍ബാനകളിലെ വിശ്വാസികളുടെ സാന്നിധ്യം കൊറോണയുടെ പകര്‍ച്ചക്ക് കാരണമായിട്ടില്ലെന്നാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പന്ത്രണ്ടു പേരില്‍ കൂടുതലുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണ വിലക്കുള്ളതിനാല്‍ നിരവധി ദേവാലയങ്ങള്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന അര്‍പ്പണം നടത്തിക്കൊണ്ടിരിക്കുകയാണ്. ‘ദി ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സേക്രഡ് മ്യൂസിക്ക് ആന്‍ഡ്‌ ഡിവൈന്‍ വര്‍ഷിപ്പ്’ എന്ന സ്ഥാപനവും ആര്‍ച്ച് ബിഷപ്പ് കോര്‍ഡിലിയോണിന്റെ ആവശ്യത്തെ പിന്താങ്ങികൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »