News - 2025

യൂറോപ്പും അക്രമ ഭൂമിയാകുന്നു? അയര്‍ലണ്ടില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ അറുനൂറിലധികം ആക്രമണങ്ങള്‍

പ്രവാചക ശബ്ദം 03-09-2020 - Thursday

ബെല്‍ഫാസ്റ്റ്: കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വടക്കന്‍ അയര്‍ലണ്ടിലെ ആരാധനാലയങ്ങള്‍ക്ക് നേരെ അറുന്നൂറിലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘കെയര്‍ എന്‍.ഐ’. ശരാശരി ഓരോ മൂന്നു ദിവസത്തിലും ഒരു ആക്രമണം വീതം നടക്കുന്നുണ്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബെല്‍ഫാസ്റ്റിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. ആകെ ആക്രമണങ്ങളുടെ മൂന്നിലൊന്നും (173 ആക്രമണങ്ങള്‍) ഇവിടെയാണ് അരങ്ങേറിയത്.

അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കൊള്ളിവെപ്പ്, ജനലുകളും ചില്ലുകളും തകര്‍ക്കല്‍, ദേവാലയം അലങ്കോലമാക്കല്‍ തുടങ്ങി വിവിധ തരത്തിലുള്ള അക്രമ സംഭവങ്ങള്‍ വടക്കന്‍ അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ദേവാലയങ്ങള്‍ പടി പടിയായി തുറക്കുവാനിരിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളുടെ ശരിയായി സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നു സംഘടന ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി ഇംഗ്ലണ്ടിലേയും വെയില്‍സിലേയും പോലെ ഒരു സെക്യൂരിറ്റി ഫണ്ട് പദ്ധതി ആരംഭിക്കണമെന്ന് കെയര്‍ എന്‍.ഐ മുന്‍പേ തന്നെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ തങ്ങളുടെ ദേവാലയം ആക്രമിക്കപ്പെട്ടതായും സാരമായ കേടുപാടുകള്‍ സംഭവിച്ചതായും ഡെറിയാഗി ഇടവക റെക്ടറായ ഫാ. ആരോണ്‍ മക്അലിസ്റ്റര്‍ പറയുന്നു. വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ നോക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ദേവാലയത്തിന് പറ്റിയ കേടുപാടുകള്‍ തീര്‍ക്കുവാനാണ്‌ തങ്ങള്‍ ചിലവഴിക്കുന്നതെന്നും അതിനാല്‍ തന്നെ ദേവാലയങ്ങള്‍ സംരക്ഷിക്കുവാനുള്ള ഏത് നടപടികളേയും തങ്ങള്‍ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം നിയമസഭാംഗങ്ങള്‍ അതീവ ഗൗരവത്തോടെ പരിഗണിക്കണമെന്നും ജനാധിപത്യ സമൂഹത്തില്‍ ഒരുമിച്ച് കൂടുവാനോ, വിശ്വാസം പങ്കുവെക്കുവാനോ ഭയക്കുവാനുള്ള സാഹചര്യം അനുവദിക്കരുതെന്നുമാണ് പൊതുവില്‍ ഉയരുന്ന ആവശ്യം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »