News

തിരുവോസ്തിയില്‍ രക്തം; അമേരിക്കയില്‍ ദിവ്യകാരുണ്യ അത്ഭുതം?

പ്രവാചകശബ്ദം 28-02-2025 - Friday

ഇന്ത്യാന: അമേരിക്കന്‍ സംസ്ഥാനമായ ഇന്ത്യാനയില്‍ തിരുവോസ്തി രക്ത രൂപത്തിലായ അത്ഭുത സംഭവത്തില്‍ വിശദമായ പഠനത്തിന് സഭാനേതൃത്വം. ഇന്ത്യാനയിലെ മോറിസില്‍ സ്ഥിതി ചെയ്യുന്ന സെൻ്റ് ആൻ്റണീസ് ഓഫ് പാദുവ ദേവാലയത്തിലാണ് ദിവ്യകാരുണ്യ അത്ഭുതം നടന്നത്. സംഭവത്തില്‍ വിശദമായ പഠനം നടക്കുന്നതിനാല്‍ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം സഭ നല്‍കിയിട്ടില്ല. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ തിരുവോസ്തി വെള്ളത്തില്‍ അലിയിപ്പിച്ച് ആ ജലം ഭൂമിയിലേക്ക് നേരിട്ടു പതിക്കത്തക്കവണ്ണം ഒഴുക്കി കളയുന്നതാണ് പതിവ്. ഇത്തരത്തില്‍ മോറിസിലെ ദേവാലയത്തില്‍ നിലത്തു വീണ ഓസ്തിയില്‍ സംഭവിച്ച രൂപമാറ്റമാണ് ഏവരെയും അതിശയിപ്പിക്കുന്നത്.

ഫെബ്രുവരി 21-ന് ദേവാലയത്തില്‍ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ രണ്ടു തിരുവോസ്തി നിലത്തുവീണിരിന്നു. ഇത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായതിനാല്‍ തിരുസഭയുടെ നടപടിക്രമം അനുസരിച്ച് വെള്ളത്തിൽ അലിയിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരിന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച തിരുവോസ്തി വെള്ളത്തില്‍ അലിഞ്ഞുചേർന്നോ എന്നറിയാൻ പ്രധാന അള്‍ത്താര ശുശ്രൂഷി സക്രാരി തുറന്നപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യമായിരിന്നു. വെള്ളത്തില്‍ അലിയിപ്പിക്കാന്‍വെച്ച തിരുവോസ്തിയില്‍ "രക്തം". ഉടനെ തന്നെ അള്‍ത്താര ശുശ്രൂഷി ഇടവക വികാരിയെ ഇക്കാര്യം അറിയിച്ചു.

വൈകാതെ തിരുവോസ്തി വെള്ളത്തില്‍ നിന്നു നേരിട്ടു സക്രാരിയിലേക്ക് മാറ്റി. ചുവപ്പ് നിറത്തിലുള്ള ആവരണമാണ് തിരുവോസ്തിയില്‍ തങ്ങള്‍ കണ്ടതെന്ന് പ്രധാന അള്‍ത്താര ശുശ്രൂഷി പറയുന്നു. ഇവയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിരുവോസ്തിയിലുള്ളത് യേശുക്രിസ്തുവിൻ്റെ തിരുരക്തമാണെന്നു ഇടവകയിലെ വിശ്വാസികള്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുകയാണെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ "ദി 812" റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അത്ഭുതത്തെ വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ വത്തിക്കാന്‍ വിശ്വാസ കാര്യാലയം ഇതിന് സ്ഥിരീകരണം നല്‍കുകയുള്ളൂ. പഠനത്തിനും അന്വേഷണത്തിനും വേണ്ടി വത്തിക്കാനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്ത്യാനപോളിസ് അതിരൂപത.

Editor's Note: ‍ ഓരോ ദിവസവും ലോകത്തിന്റെ നാനാഭാഗങ്ങളിലായി അഞ്ചു ലക്ഷത്തോളം ദിവ്യബലികളാണ് നടക്കുന്നത്. ഓരോ ദിവ്യബലിയിലും മനുഷ്യനിര്‍മ്മിതമായ അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമായി മാറുന്നു. മാറ്റമില്ലാതെ നടക്കുന്ന ഈ അത്ഭുതങ്ങളില്‍ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ കഴിയുന്ന വിധത്തില്‍ രൂപമാറ്റം സംഭവിക്കുന്നവയില്‍ ശാസ്ത്രജ്ഞര്‍ വിശദമായ പഠനം നടത്തുന്നതും അവയെ ദിവ്യകാരുണ്യ അത്ഭുതമായി അംഗീകരിക്കുന്നതും ആദ്യ സംഭവമല്ല.

ക്രിസ്തുവിന് ശേഷം രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി തവണ ഇതുപോലുള്ള പ്രകടമായ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ സംഭവിക്കുകയും അത് സത്യമാണെന്ന് ശാസ്ത്രം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ദിവ്യകാരുണ്യ അത്ഭുതം കള്ളത്തരം ആണെന്ന് സ്ഥാപിക്കുവാന്‍ പഠനം നടത്തിയ സുപ്രസിദ്ധ ഡോക്ടറുമാരായ ഡോ. റിക്കാര്‍ഡോ കാസ്റ്റനന്‍, ഡോ. ഫ്രെഡറിക്ക് സുഗിബെ അടക്കമുള്ള പ്രമുഖ നിരീശ്വരവാദികള്‍ വിശ്വാസികളായി മാറിയതും മറ്റൊരു ചരിത്രം.

_____________________________________________________________________

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »