News - 2024

മതനിന്ദാനിയമം പിന്‍വലിച്ച്, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം: ആസിയ ബീബി

പ്രവാചക ശബ്ദം 10-09-2020 - Thursday

ഒന്‍റാരിയോ: പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാനിയമം മാറ്റി, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ആസിയാ ബീബി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. കാനഡയില്‍ നിന്നു അന്തര്‍ദേശീയ കത്തോലിക്കാ സംഘടനയായ 'ചര്‍ച്ച് ഇന്‍ നീഡു'മായി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മതനിന്ദാനിയമത്തിലെ ദൈവദൂഷണക്കുറ്റം ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെ പാക്കിസ്ഥാനില്‍ വേട്ടയാടുകയാണെന്നു പറഞ്ഞ ആസിയ, ബന്ദികളാക്കപ്പെട്ട് മതം മാറ്റി, നിര്‍ബന്ധിത വിവാഹത്തിനു പ്രേരിപ്പിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികളെക്കുറിച്ചും സൂചിപ്പിച്ചു.

മതനിന്ദ നിയമത്തിന്റെ ഇരയായതിനാല്‍ എന്റെ സ്വന്തം അനുഭവത്തില്‍നിന്നാണു ഞാന്‍ പറയുന്നത്. അതിക്രൂരമായി ഞാന്‍ പീഡിപ്പിക്കപ്പെട്ടു. ഏറെ കഷ്ട്ടം നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്. ഏതു വിധത്തിലുള്ള ദുരുപയോഗവും ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഈ നിയമം മാറ്റുകതന്നെ വേണം. ആസിയ പറഞ്ഞു. മതനിന്ദാനിയമത്തിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവ വനിതയായ ആസിയ ബീബി അന്തര്‍ദേശീയ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ജയില്‍മോചിതയായി ഇപ്പോള്‍ കാനഡയിലാണുള്ളത്.

2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. ഇതേ തുടര്‍ന്നു രാജ്യമെങ്ങും തീവ്ര മുസ്ലിം നിലപാടുള്ള സംഘടനകള്‍ തെരുവില്‍ ഇറങ്ങി വ്യാപക കലാപമാണ് അഴിച്ചുവിട്ടത്. ഇക്കഴിഞ്ഞ ദിവസം ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥനു മതനിന്ദക്കുറ്റത്തിനു കാരണമായ മെസേജ്' അയച്ചുവെന്ന ആരോപണം കെട്ടിച്ചമച്ച് ലാഹോറിലെ യൂഹാനാബാദ് ക്രിസ്ത്യന്‍ കോളനി സ്വദേശി ആസിഫ് പര്‍വേസ് മസീഹ് എന്ന ക്രൈസ്തവ വിശ്വാസിയ്ക്കു ലാഹോര്‍ കോടതി വധശിക്ഷ വിധിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »