News - 2025

ഈജിപ്തിൽ ക്രിസ്ത്യന്‍ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്നത് തുടര്‍ക്കഥ: റിപ്പോർട്ടുമായി കോപ്റ്റിക് സംഘടന

പ്രവാചക ശബ്ദം 18-09-2020 - Friday

കെയ്റോ: ഈജിപ്തിൽ ഭൂരിപക്ഷമായ ഇസ്ലാം മതസ്ഥരിലെ ചിലര്‍ ക്രിസ്ത്യന്‍ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെ പറ്റിയുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. കോപ്റ്റിക് ക്രൈസ്തവ വിശ്വാസികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന 'കോപ്റ്റിക് സോളിഡാരിറ്റി' എന്ന സന്നദ്ധ സംഘടന 'ജിഹാദ് ഓഫ് ദി വേമ്പ്: ട്രാഫിക്കിംഗ് ഓഫ് കോപ്റ്റിക് വുമൺ ആൻഡ് ഗേൾസ് ഇൻ ഈജിപ്ത്' എന്ന പേരിൽ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിലാണ് രാജ്യത്തെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ദുരവസ്ഥ വിവരിച്ചിരിക്കുന്നത്. കോപ്റ്റിക്ക് വിശ്വാസികളായ സ്ത്രീകളെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയും തുടർച്ചയായി തട്ടിക്കൊണ്ടു പോകുമ്പോഴും രാജ്യത്തെ സർക്കാരും വിദേശ രാജ്യങ്ങളും സർക്കാർ ഇതര സംഘടനകളും വിഷയത്തിൽ ഇടപെടാൻ തയ്യാറാകുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഈജിപ്ഷ്യൻ സർക്കാർ തീർത്തും നിഷ്ക്രിയരാണ്. അന്വേഷിക്കാൻ താല്പര്യമില്ലാത്തതിനാൽ, തട്ടിക്കൊണ്ടുപോയ സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരമായിരിക്കും കുടുംബത്തിൽ നിന്ന് പോയതെന്നു അടക്കമുളള മുടന്തൻ ന്യായങ്ങളാണ് ഭരണനേതൃത്വം പറയുന്നത്. തന്റെ സമീപത്ത് താമസിക്കുന്ന പതിനഞ്ചു പെൺകുട്ടികളെങ്കിലും ഓരോ വർഷവും കാണാതാകപ്പെടുന്നുണ്ടെന്ന് മിന്യ പ്രവിശ്യയിൽ താമസിക്കുന്ന ഒരു വൈദികൻ കോപ്റ്റിക്ക് സോളിഡാരിറ്റിയോട് വെളിപ്പെടുത്തി. വിവാഹിതനായ അദ്ദേഹത്തിന്റെ കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നെങ്കിലും സമയോചിതമായ ഇടപെടൽ മൂലം തടുക്കാനായി. ഭൂരിപക്ഷം പേരും തിരികെ കുടുംബത്തിലേക്ക് മടങ്ങി വരാറില്ലായെന്നും പോലീസ് ഇതിനായി ഇടപെടല്‍ നടത്തുകയാണെന്നും ആരോപണമുണ്ട്.

സമ്മാനങ്ങൾ നല്‍കിയും, കരുണ പ്രകടിപ്പിച്ചുമാണ് രാജ്യത്തെ ക്രൈസ്തവ പെൺകുട്ടികളെ ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾ വലയിലാക്കുന്നതെന്ന് ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്കിന്റെ അന്താരാഷ്ട്ര ലേഖകൻ ഗാരി ലേയ്ൻ പറഞ്ഞു. ക്രൈസ്തവർക്ക് പോലീസ് അധികൃതരിൽനിന്ന് യാതൊരു സഹായവും ലഭിക്കാറില്ലെന്ന് അദ്ദേഹവും സ്ഥിരീകരിച്ചു. ഈജിപ്ഷ്യൻ മാധ്യമങ്ങളിൽ നിന്നും, സഭയിൽനിന്നും, തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെ കുടുംബാംഗങ്ങളിൽ നിന്നും വിവരം ശേഖരിച്ചാണ് കോപ്റ്റിക്ക് സോളിഡാരിറ്റി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഐക്യരാഷ്ട്ര സംഘടനയ്ക്കും, മനുഷ്യ കടത്തിനെതിരെ പ്രവർത്തിക്കുന്ന യുഎസ് ഓഫീസ് ഫോർ ട്രാഫിക്കിങ് ഇൻ പേർസണും കൈമാറും.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »