India - 2025
മാര്‍ ജോസഫ് ചേന്നോത്തിന് നാടിന്റെ അന്ത്യാഞ്ജലി
23-09-2020 - Wednesday
ചേര്‍ത്തല: കാലം ചെയ്ത ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന് ജന്മനാട് വിടചൊല്ലി. മാതൃഇടവകയായ ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ മദ്ബഹയ്ക്കു സമീപമൊരുക്കിയ കബറിടത്തില്‍ മൃതദേഹം സംസ്‌കരിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും സമര്‍പ്പിച്ചു.
ജപ്പാനില്‍നിന്നും തിങ്കളാഴ്ച എത്തിച്ച ഭൗതികശരീരം ഇന്നലെ രാവിലെ എറണാകുളം ലിസി ആശുപത്രി ചാപ്പലിലും എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലും പൊതുദര്‍ശനത്തിനു വച്ചു. അവിടെനിന്നു മൃതദേഹം ആംബുലന്‍സില്‍ ചേര്‍ത്തലയിലെ തറവാട്ടു വീട്ടിലെത്തിച്ചപ്പോള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കോവിഡ് മാനദണ്ഡം പാലിച്ച് നിരവധി നാട്ടുകാര്‍ എത്തിയിരുന്നു. 12.30ഓടെ മാതൃ ഇടവകയായ കോക്കമംഗലം പള്ളിയില്‍ മൃതദേഹം എത്തിച്ചു പൊതുദര്‍ശനത്തിനായി വച്ചു. ഉച്ചകഴിഞ്ഞു 2.30ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു.
എറണാകുളംഅങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മികനായി. പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ചേന്നോത്തിന്റെ ബന്ധു കൂടിയായ ഫാ. സിറിയക് നീരാക്കല്‍ ഒസിഡി എന്നിവര്‍ സഹകാര്‍മികരായി. മാര്‍ ജേക്കബ് മനത്തോടത്ത് വചനസന്ദേശം നല്കി.സമാപന കര്‍മത്തിന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു കാര്‍മികന്‍. പ്രാര്‍ഥനകള്‍ക്കു ശേഷം കര്‍ദിനാള്‍ മാര്‍ ചേന്നോത്തിന്റെ മൃതദേഹത്തില്‍ മുടിയണിച്ചു. തുടര്‍ന്നു നഗരികാണിക്കലിനു ശേഷം ദേവാലയത്തിന്റെ മുന്‍ഭാഗത്തു വച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് നല്കിയത്.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാപറന്പില്‍, മന്ത്രി പി. തിലോത്തമന്‍, എ.എം. ആരിഫ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ചേര്‍ത്തല മുട്ടം ഫൊറോന വികാരി റവ. ഡോ. പോള്‍ വി. മാടന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെയും പൗരസ്ത്യ തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലെയണാര്‍ഡോ സാന്ദ്രിയുടെയും അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജാംബാത്തിസ്ത ദി ക്വാതോ്രയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും അനുശോചന സന്ദേശങ്ങള്‍ വായിച്ചു.