News - 2024

ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന് ജപ്പാന്റെ മരണാനന്തര ബഹുമതി

പ്രവാചക ശബ്ദം 02-01-2021 - Saturday

ടോക്കിയോ: ജപ്പാനും വത്തിക്കാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ നയതന്ത്രതലത്തില്‍ നടത്തിയ സജീവ ഇടപെടലുകളെ മാനിച്ച്, ഓര്‍ഡര്‍ ഓഫ് ദ റൈസിംഗ് സണ്‍ ദേശീയ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന് സമ്മാനിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചു. ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ദേശീയ പുരസ്‌കാരമാണിത്. ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന വേളയില്‍ ഡോ. ചേന്നോത്ത് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാന്‍ ശ്രദ്ധേയമായ ഇടപെടലുകളാണു നടത്തിയത്.

ചേര്‍ത്തല കോക്കമംഗലം ഇടവകാഗംമായ ഡോ. ചേന്നോത്ത് ജപ്പാന്‍ നുണ്‍ഷ്യോയായിരിക്കേ, കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് അന്തരിച്ചത്. ടര്‍ക്കി, ഇറാന്‍, കാമറോണ്‍, സൗത്ത് ആഫ്രിക്ക, ബല്‍ജിയം, സ്‌പെയിന്‍, നോര്‍വേ, സ്വീഡന്‍, തായ്വാന്‍, ടാന്‍സാനിയ എന്നിവിടങ്ങളിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2011-ലാണ് അദ്ദേഹം വത്തിക്കാന്റെ ജപ്പാന്‍ അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്. ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ചൈനീസ് ഭാഷകള്‍ വശമായിരുന്ന അദ്ദേഹം, 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം കേരളം സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്നു.


Related Articles »