News

ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായുള്ള ബിൽ പാക്ക് സെനറ്റ് കമ്മിറ്റി തള്ളി

പ്രവാചക ശബ്ദം 29-09-2020 - Tuesday

ലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള ബില്ല് മതപരമായ കാര്യങ്ങൾക്കു വേണ്ടിയുള്ള സെനറ്റ് കമ്മിറ്റി തള്ളിക്കളഞ്ഞു. ന്യൂനപക്ഷം സമൂഹം ഏറെ പ്രതീക്ഷവെച്ചു കൊണ്ടിരിന്ന സുപ്രധാന ബില്ല് സെപ്റ്റംബർ ഇരുപത്തിനാലാം തീയതിയാണ് തള്ളിക്കളഞ്ഞതെന്ന്‍ 'ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് ബില്ല് പാക്കിസ്ഥാന്റെ സെനറ്റിൽ അവതരിക്കപ്പെട്ടത്. എന്നാല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പരിഗണിക്കപ്പെട്ടത്. ന്യൂനപക്ഷങ്ങള്‍ക്ക് നിരവധി അവകാശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുസ്ലീം മത വിശ്വാസികളുടെ അവകാശത്തിനുവേണ്ടിയുള്ള ബില്ലാണ് പാസാക്കേണ്ടതെന്നും സെനറ്റർ ഹാഫിസ് അബ്ദുൽ കരീം പറഞ്ഞു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ഇപ്പോൾ തന്നെ ധാരാളം അവകാശങ്ങൾ നൽകിയിട്ടുണ്ട്. ഹൈന്ദവ പെൺകുട്ടികൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് മുസ്ലിം ചെറുപ്പക്കാരെ വിവാഹം ചെയ്യുമ്പോൾ അത് ആളുകൾ വലിയൊരു പ്രശ്നമാക്കുന്നു. അബ്ദുൽ കരീം പറഞ്ഞു.

നിർബന്ധിത മതപരിവർത്തനത്തിനെതിരെ നടപടികൾ സ്വീകരിച്ചു വരികയാണെന്നും സെനറ്റ് കമ്മറ്റി അവകാശപ്പെട്ടു. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം ന്യൂനപക്ഷ പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ മുൻപന്തിയിലാണ്. വിശ്വാസത്തെ പ്രതി ദിനംപ്രതി ക്രൈസ്തവ ഹൈന്ദവ ന്യൂനപക്ഷങ്ങള്‍ നിരവധി പീഡനങ്ങൾ സഹിക്കുന്നുണ്ട്. മൂവ്മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് പാക്കിസ്ഥാൻ എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഓരോ വർഷവും ആയിരത്തോളം ക്രൈസ്തവ, ഹൈന്ദവ പെൺകുട്ടികൾ നിർബന്ധിത വിവാഹത്തിനും, മതപരിവർത്തനത്തിനും രാജ്യത്ത് വിധേയരാകുന്നുണ്ട്.

തട്ടിക്കൊണ്ടുപോയും കെണിയിൽപെടുത്തിയുമാണ് ഭൂരിപക്ഷം പെൺകുട്ടികളെയും മതപരിവർത്തനത്തിന് വിധേയരാക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള വിമർശനങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ഊർജ്ജിതമാണെങ്കിലും ഭരണകൂടം നിശബ്ദത തുടരുകയാണ്. നിർബന്ധിത മതപരിവർത്തനത്തിന് തടയിടാൻ 2019 നവംബറിൽ ഒരു പാർലമെന്ററി കമ്മിറ്റിക്ക് പാക്കിസ്ഥാൻ രൂപം നൽകിയിരുന്നെങ്കിലും അവരുടെ പ്രവർത്തനം എങ്ങുമെത്തിയിട്ടില്ല. രാജ്യത്തെ ക്രൈസ്തവര്‍ അതിഭീകരമായ മനുഷ്യാവകാശ ധ്വംസനത്തിന്റെ ഇരകളാകുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് പാക്ക് സെനറ്റ് കമ്മറ്റി ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള ബില്ല് തള്ളിക്കളഞ്ഞതിലൂടെ വ്യക്തമായിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »