News - 2024

നൈജീരിയായില്‍ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം

പ്രവാചക ശബ്ദം 30-09-2020 - Wednesday

ഡെൽറ്റ: നൈജീരിയയിലെ ഡെൽറ്റ സംസ്ഥാനത്തുനിന്ന് ശനിയാഴ്ച തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ മോചിതനായി. ഇന്നലെ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകുന്നേരം നാലരക്കാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ഇസീൽ ഉക്കു രൂപതയുടെ കമ്മ്യൂണിക്കേഷൻ വക്താവ് ഫാ. ചാൾസ് ഉഗാൻവ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. സെന്റ് പീറ്റർ ആൻഡ് പോൾ കത്തോലിക്ക ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ജൂഡ് ഒൻയബാഡിയെ സെപ്റ്റംബർ 26നു അദ്ദേഹത്തിന്റെ ഫാമിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഫാമിലെ ജോലിക്കാർക്ക് വേതനം നൽകാൻ എത്തിയതായിരുന്നു വൈദികൻ. അദ്ദേഹത്തോടൊപ്പം ഒപ്പം മൂന്ന് ജോലിക്കാരെയും തട്ടിക്കൊണ്ടുപോയെങ്കിലും അവരെ അന്നു വൈകിട്ട് വിട്ടയച്ചിരിന്നു.

പിടിച്ചുകൊണ്ടുപോയ സമയത്ത് തോക്കുധാരികൾ മർദ്ദിച്ചത് അല്ലാതെ വലിയ പരിക്കുകൾ ഫാ. ജൂഡിന്റെ ശരീരത്തിൽ ഇല്ലെന്നും ഫാ. ചാൾസ് ഉഗാൻവ വ്യക്തമാക്കി. എന്നാൽ മോചനദ്രവ്യം നൽകിയാണോ അദ്ദേഹത്തെ വിട്ടയച്ചതെന്ന് സ്ഥിരീകരിക്കാൻ വക്താവ് തയ്യാറായില്ല. ഇതിനു മുന്‍പും ഫാ. ജൂഡ് ഒൻയബാഡി തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ട്. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന രാജ്യമാണ് നൈജീരിയ. ഡെൽറ്റാ സംസ്ഥാനത്തെ ഇസീൽ ഉക്കു രൂപത ഉള്‍പ്പെടുന്ന പ്രദേശത്ത് കൂടുതലും ക്രൈസ്തവ വിശ്വാസികളാണ് അധിവസിക്കുന്നതെങ്കിലും മുസ്ലിം ആയുധധാരികളുടെ സാന്നിധ്യം ഇവിടെ സജീവമാണ്.

ഉത്തര നൈജീരിയയിൽ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇസീൽ ഉക്കു രൂപതയിലെ തന്നെ ആറ് വൈദികരെയെങ്കിലും 2018നു ശേഷം തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസം അക്രമകാരികൾ തട്ടിക്കൊണ്ടുപോയ വൈദികന് ഗുരുതരമായ പരിക്കേറ്റിരുന്നു. മുസ്ലിം ഫുലാനി ഗോത്രവർഗക്കാര്‍ക്ക് പുറമെ ബൊക്കോഹറാം തീവ്രവാദികളിൽ നിന്നും കടുത്ത ഭീഷണിയാണ് നൈജീരിയയിലെ ക്രൈസ്തവർ നേരിടുന്നത്. സംഘടനയുടെ തീവ്രവാദ പ്രവർത്തനം മൂലം ഏകദേശം 20 ലക്ഷത്തിലധികം ആളുകൾക്ക് സ്വഭവനങ്ങളിൽ നിന്നും പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »