News - 2024

ഈജിപ്തില്‍ 45 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു കൂടി ഔദ്യോഗിക അനുമതി

പ്രവാചക ശബ്ദം 24-10-2020 - Saturday

കെയ്റോ: ഈജിപ്തില്‍ ലൈസന്‍സില്ലാത്ത ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ നിയമപരമാക്കുന്നതിന് ചുമതലയുള്ള കാബിനറ്റ്‌ സമിതി 45 ക്രിസ്ത്യന്‍ ദേവാലയങ്ങളും, 55 അനുബന്ധ കെട്ടിടങ്ങള്‍ക്കും നിയമപരമായ അംഗീകാരം നല്‍കി. ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ്‌ സമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമായതെന്ന് ഈജിപ്ത് മന്ത്രിസഭയുടെ ഔദ്യോഗിക വക്താവായ നാദെര്‍ സാദ് അറിയിച്ചു. ഇതോടെ 2017നു ശേഷം ഈജിപ്തില്‍ ലൈസന്‍സ് ലഭിക്കുന്ന ദേവാലയങ്ങളുടെ എണ്ണം 1178 ആയി. നീതിന്യായ വകുപ്പ് മന്ത്രി ഒമര്‍ മര്‍വാന്‍, പ്രാദേശിക വികസനവകുപ്പ് മന്ത്രി മഹമൂദ് ഷാരാവി ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

സമിതിയുടെ മെയ് 18ലെ യോഗത്തിനു ശേഷം ലൈസന്‍സിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ദേവാലയങ്ങളുടെ അവസ്ഥയെക്കുറിച്ച് അവലോകനം ചെയ്തതിന് ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നതെന്നത് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ദേവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ദീര്‍ഘകാലമായി കാത്തിരുന്ന നിയമത്തിന് 2016ലാണ് ഈജിപ്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. 2017ലാണ് പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട സമിതി നിലവില്‍ വന്നത്. ഒരു ക്രിസ്ത്യന്‍ പ്രതിനിധി, വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ആറ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ, ഭരണകാര്യനിര്‍വഹണ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 10 അംഗങ്ങളാണ് സമിതിയില്‍ ഉള്ളത്.

നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുക എന്നത് ഏറെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തിയായിരിന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ അംഗീകാരമില്ലാതെ ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയും രഹസ്യമായി ആരാധനകള്‍ നടത്തിവരികയുമായിരുന്നു ക്രൈസ്തവര്‍ ചെയ്തിരുന്നത്. നിയമപരമല്ലാത്ത ഇത്തരം ദേവാലയങ്ങളുടെ പേരില്‍ ഇസ്ലാമിക മതമൗലീകവാദികള്‍ ക്രിസ്ത്യാനികളുടെ മേല്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതും പതിവായിരുന്നു. ഈ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് പുതുപ്രതീക്ഷയേകുന്നതാണ് അനുമതി സംബന്ധിച്ച ഉത്തരവ്. അനൗദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ 10 കോടിയോളം വരുന്ന ജനസംഖ്യയിലെ 10 മുതല്‍ 14 ശതമാനം വരെ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »