India - 2024

മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്റെ സ്ഥാനാഭിഷേക ശുശ്രൂഷ ഇന്ന്

14-11-2020 - Saturday

തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സ്ഥാനാഭിഷേക ശുശ്രൂഷ ഇന്നു നടക്കും. രാവിലെ 7.45ന് സഭ ആസ്ഥാനമായ തിരുവല്ല പുലാത്തീനില്‍ നിന്ന് നിയുക്ത മെത്രാപ്പോലീത്തയെ സ്ഥാനാരോഹണ വേദിയിലേക്ക് ആനയിക്കും. ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ താത്കാലിക മദ്ബഹായില്‍ എട്ടിന് വിശുദ്ധ കുര്‍ബാന ആരംഭിക്കും. ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ കാര്‍മികനാകും. ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തും. 11നു ചേരുന്ന അനുമോദന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, എന്‍സിസിഐ പ്രസിഡന്റ് ബിഷപ്പ് ഡോ.പി.സി. സിംഗ്, സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ഡോ.ധര്‍മരാജ് റസാലം, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ്, യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ.ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ക്‌നാനായ സഭാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ്, ഓര്‍ത്തഡോക്‌സ് സഭയിലെ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത തുടങ്ങിയവരും പ്രസംഗിക്കും


Related Articles »