India - 2025

മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കേരള കത്തോലിക്ക സഭ

പ്രവാചകശബ്ദം 13-07-2021 - Tuesday

കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ തിരുമേനിയുടെ വിയോഗത്തില്‍ അനുശോചനവുമായി കേരള കത്തോലിക്ക സഭ. പൊതുസമൂഹത്തിലെ പ്രശ്നങ്ങളില്‍ മതസൗഹാര്‍ദവും മാനവ ഐക്യവും സംരക്ഷിക്കാന്‍ എല്ലാക്കാലവും പരിശ്രമിച്ച ഇടയശ്രേഷ്ഠനായിരുന്നു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവയെന്ന് കെ‌സി‌ബി‌സി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുസ്മരിച്ചു.

ബാവാതിരുമേനിയുടെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയെ അദ്ദേഹം അത്യധികം സ്നേഹിച്ചു. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ സഭാസ്നേഹത്തിന്റെ നിദര്‍ശനങ്ങളായിരുന്നു. തികഞ്ഞ ദൈവാശ്രയ ബോധത്തോടെയാണു ജീവിതത്തിലെ പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ എല്ലാ സാഹചര്യങ്ങളെയും തിരുമേനി സ്വീകരിച്ചിരുന്നത്. ബാവാതിരുമേനിയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയിലെ വന്ദ്യ തിരുമേനിമാര്‍ക്കും വൈദികഗണത്തിനും എല്ലാ സഭാമക്കള്‍ക്കും അനുശോചനവും പ്രാര്‍ത്ഥനയും നേരുന്നു. കാലംചെയ്ത തിരുമേനിക്കു നിത്യസൗഭാഗ്യം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ വേര്‍പാടില്‍ സഭയ്ക്കണ്ടായ വലിയ നഷ്ടത്തില്‍ പങ്കു ചേരുകയും ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നുവെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ വ്യാപിപ്പിക്കുന്നതിനും പരുമലയിലെ കാന്‍സര്‍ സെന്റര്‍ വളര്‍ത്തുന്നതിനും ബാവാതിരുമേനി നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ എക്കാലവും അനുസ്മരിക്കപ്പെടുന്നതാണ്. റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അദ്ദേഹം സന്ദര്‍ശിച്ചത് പ്രത്യേകം സ്മരിക്കുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

എല്ലാ ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാരുമായും ഇഴയടുപ്പമുള്ള ബന്ധം സൂക്ഷിക്കാന്‍ ബാവാതിരുമേനി താല്‍പര്യപൂര്‍വം ശ്രദ്ധിച്ചിരുന്നുവെന്ന് ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അനുസ്മരിച്ചു. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കോപ്റ്റിക്, എത്യോപ്യന്‍, അര്‍മേനിയന്‍, എറിത്രിയന്‍, സിറിയന്‍, റഷ്യന്‍, ആംഗ്ലിക്കന്‍ സഭകളുടെ തലവന്മാരെയെല്ലാം സന്ദര്‍ശിച്ച് സഭകളുടെ ഐക്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഈ സഭകളുടെയെല്ലാംപ്രതിനിധികള്‍ ദേവലോകത്ത് ബാവാതിരുമേനിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മാര്‍ത്തോമാശ്ലീഹായുടെ പൈതൃകത്തിലുള്ള സഭകളുടെ ഐക്യവും അതുവഴി സഭകളുടെയെല്ലാം കൂട്ടായ്മയും തിരുമേനിയുടെ പ്രതീക്ഷയും പ്രാര്‍ത്ഥനയുമായിരുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിച്ച വേളയില്‍ നടത്തിയ പ്രഭാഷണത്തില്‍ തന്റെ ഏറ്റവും വലിയ സ്വപ്നമായി ഉയര്‍ത്തിക്കാട്ടിയത് ഈ ഐക്യമാണ്. വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെയും സഹോദരന്റെയും വേര്‍പാടുകൂടിയാണിത്. അദ്ദേഹം രോഗശയ്യയില്‍ ആയിരുന്നപ്പോഴും എല്ലാദിവസവും ഞാന്‍ അദ്ദേഹത്തെ എന്റെ പ്രാര്‍ത്ഥനയില്‍ സമര്‍പ്പിച്ചിരുന്നു. ഇനിയും എന്നോടും നമ്മോടുമൊക്കെ ചേര്‍ന്ന് ഒരു പ്രാര്‍ഥനാദൂരത്തില്‍ ബാവാതിരുമേനി ഉണ്ടായിരിക്കുംമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അനുസ്മരിച്ചു.


Related Articles »