India - 2025
മലങ്കര മാര്‍ത്തോമ്മ സഭയ്ക്ക് രണ്ട് സഫ്രഗന്‍ മെത്രാപ്പോലീത്തമാര്‍
17-07-2021 - Saturday
തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സഭയ്ക്ക് രണ്ട് സഫ്രഗന്‍ മെത്രാപ്പോലീത്തമാരെ നിയോഗിക്കാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനം. ഡോ. യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ് എന്നീ എപ്പിസ്‌കോപ്പമാരെയാണ് സഫ്രഗന്‍ മെത്രാപ്പോലീത്തമാരായി നിയോഗിക്കുന്നത്. ഇരുവരുടെയും നിയോഗ ശുശ്രൂഷ സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീന്‍ അരമന ചാപ്പലില്‍ നടക്കും. സഭാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കുര്‍ബാനമധ്യേയാണ് ശുശ്രൂഷ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ വചനശുശ്രൂഷ നിര്‍വഹിക്കും.
ചെന്നൈ മാര്‍ത്തോമ്മ ഇടവക (ചെട്ട്‌പെട്ട്) ഇടവക വികാരിയും റാന്നി കീക്കൊഴൂര്‍ സ്വദേശിയുമായ റവ.ജോര്‍ജ് മാത്യുവിന്റെ വികാരി ജനറാള്‍ നിയോഗ ശുശ്രൂഷയും ഇതോടനുബന്ധിച്ച് നടക്കും. ശുശ്രൂഷകളുടെ ക്രമീകരണം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കുമെന്ന് സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് അറിയിച്ചു. സഭയുടെ കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപനാണ് സഫ്രഗന്‍ മെത്രാപ്പോലീത്തയായി നിയോഗിക്കപ്പെടുന്ന ഡോ. യുയാക്കിം മാര്‍ കൂറിലോസ്. മുംബൈ ഭദ്രാസനത്തിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്. കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമ്മ ഇടവകാംഗം ചീരന്‍വീട് ഇട്ടിമണി ഇട്ടിയച്ചന്റെയും സാറാമ്മയുടെയും മകനായി 1951 നവംബര്‍ 25നു ജനിച്ചു. 1978 മേയ് 16ന് വൈദികനായി. 1989 നവംബര്‍ നാലിനാണ് യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയായി വാഴിക്കപ്പെട്ടത്. സഭയുടെ വിവിധ ഭദ്രാസനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ചുമതലക്കാരനായി പ്രവര്‍ത്തിച്ചു.
സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപനാണ് ജോസഫ് മാര്‍ ബര്‍ണബാസ്. കോട്ടയം അഞ്ചേരി ക്രിസ്‌തോസ് മാര്‍ത്തോമ്മ ഇടവകാംഗം കടുപ്പില്‍ ഇ.വി. ജേക്കബ്, സാറാമ്മ ദന്പതികളുടെ മകനായി 1949 സെപ്റ്റംബര്‍ എട്ടിന് ജനനം. 1976 ജൂണ്‍ 12ന് വൈദികനായി. 1993 ഒക്ടോബര്‍ രണ്ടിന് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പയായി വാഴിക്കപ്പെട്ടു. സഭയുടെ വിവിധ ഭദ്രാസനങ്ങളില്‍ ഇതിനോടകം സേവനം ചെയ്തു.