News - 2024

ബെയ്റൂട്ടിലെ ക്രിസ്തീയ പുനരുദ്ധാരണത്തിന് അറുപത് ലക്ഷം ഡോളർ പ്രഖ്യാപിച്ച് സന്നദ്ധസംഘടന

പ്രവാചക ശബ്ദം 17-11-2020 - Tuesday

ബെയ്റൂട്ട്: ഓഗസ്റ്റില്‍ സ്ഫോടനത്തിൽ തകർന്ന ബെയ്റൂട്ട് നഗരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അറുപത് ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കത്തോലിക്ക സന്നദ്ധസംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. ദേവാലയങ്ങൾക്കും, സന്യാസ ഭവനങ്ങൾക്കുമുൾപ്പെടെ സംഘടനയുടെ സഹായം ലഭിക്കും. ഓഗസ്റ്റ് നാലാം തീയതി ബെയ്റൂട്ട് തുറമുഖത്ത് സൂക്ഷിച്ചിരുന്ന 2700 ടൺ അമോണിയം നൈട്രേറ്റിന് തീ പിടിച്ചതാണ് നഗരത്തെ ആകമാനം പിടിച്ചുകുലുക്കിയ സ്ഫോടനത്തിന് കാരണമായത്. സ്ഫോടനത്തിന്റെ ഫലമായി 204 ആളുകൾ കൊല്ലപ്പെടുകയും, 6500 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ലക്ഷം ആളുകൾ ഭവനരഹിതരായി. 15 ബില്യൺ ഡോളറിന്റെ നഷ്ടം കണക്കാക്കപ്പെടുന്നു.

മേൽക്കൂര തകർന്ന സെന്റ് സേവ്യേഴ്സ് മെൽകൈറ്റ് കത്തോലിക്കാ ദേവാലയമാണ് പുനരുദ്ധാരണ പദ്ധതിയുടെ പട്ടികയിലുള്ള ഒരു ദേവാലയം. ജനിച്ചുവളർന്ന നാട്ടിൽ തുടരാൻ താല്പര്യമുള്ളവർക്ക് പ്രതീക്ഷ പകരാൻ തങ്ങൾ ശ്രമിക്കുമെന്ന് ഇടവക വികാരിയായ ഫാ. നിക്കോളസ് റിയാച്ചി എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളും, സ്ഫോടനവും മൂലം നിസഹായരായ ആളുകൾ ലെബനോനിൽ തുടരണമെന്നുണ്ടെങ്കിൽ സഹായം അത്യന്താപേക്ഷിതമാണെന്ന്, ക്രൈസ്തവർ ഇല്ലാത്ത പശ്ചിമേഷ്യയെ പറ്റി ചിന്തിക്കാൻ പോലും സാധിക്കില്ല എന്ന ഫ്രാൻസിസ് മാർപാപ്പ മുന്‍പ് പറഞ്ഞ വാചകം ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനസംഖ്യയുടെ 20 ശതമാനമുണ്ടായിരുന്ന ക്രൈസ്തവർ ഇന്ന് അഞ്ച് ശതമാനം മാത്രമാണ്. ഇറാഖിലെ ഏകദേശം രണ്ട് ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ പലായനം ചെയ്തു. സിറിയയിൽനിന്ന് ഒരുലക്ഷത്തോളം ക്രൈസ്തവരാണ് മറ്റു രാജ്യങ്ങളിലേക്ക് എല്ലാമുപേക്ഷിച്ചു പോയത്. ഈജിപ്തിൽ കോപ്റ്റിക്ക് ക്രൈസ്തവർ കടുത്ത പീഡനങ്ങളെ അഭിമുഖീകരിക്കുന്നു. ക്രൈസ്തവർക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിച്ചിരുന്ന പശ്ചിമേഷ്യയിലെ ഒരു രാജ്യം ലബനോൻ മാത്രമായിരുന്നു. എന്നാൽ സുരക്ഷാഭീതി മൂലം നിരവധി ക്രൈസ്തവർ ഇപ്പോൾ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നുണ്ടെന്നു ഫാ. നിക്കോളസ് റിയാച്ചി വെളിപ്പെടുത്തി. സെന്റ് സേവ്യേഴ്സ് ദേവാലയത്തിന്റെ സമീപത്തുനിന്ന് മാത്രം 10% ക്രൈസ്തവർ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തെന്ന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. പില്‍ക്കാലത്ത് ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്.