News - 2025
പ്രാര്‍ത്ഥനയ്ക്കു നന്ദിയറിയിച്ച് പാപ്പ; ആരോഗ്യനിലയില്‍ നേരിയ പുരോഗതി
പ്രവാചകശബ്ദം 03-03-2025 - Monday
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ സങ്കീർണ്ണമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണെങ്കിലും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. നിലവില്‍ പാപ്പയ്ക്കു മെക്കാനിക്കൽ വെൻ്റിലേഷൻ ആവശ്യമില്ലെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. ഓക്സിജൻ തെറാപ്പി മാത്രമേ പാപ്പയ്ക്കു നിലവില്‍ ആവശ്യമുള്ളൂവെന്നും പനി ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഞായറാഴ്ച രാവിലെ ആശുപത്രി ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. പിന്നീട് ദിവസം മുഴുവൻ വിശ്രമത്തിനും പ്രാർത്ഥനയ്ക്കുമായി സമയം ചെലവിട്ടു.
രാവിലത്തെ കാപ്പിയ്ക്കുശേഷം അദ്ദേഹം വത്തിക്കാനില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രസ് ഓഫീസ് അറിയിച്ചു. രാവിലെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും സ്റ്റേറ്റ് സെക്രട്ടേറിയറ്റിൻ്റെ പൊതുകാര്യങ്ങൾക്ക് പകരക്കാരനായ ആർച്ച് ബിഷപ്പ് എഡ്ഗർ പെനയുമായും ആശുപത്രി മുറിയിൽ പാപ്പ കൂടിക്കാഴ്ച നടത്തി. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആഗോള സമൂഹത്തിന് ഫ്രാന്‍സിസ് പാപ്പ നന്ദിയറിയിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്ന് കർത്താവിലേക്ക് ഉയരുന്ന പ്രാർത്ഥനകൾക്ക് നന്ദി പറയാൻ താന്‍ ആഗ്രഹിക്കുകയാണെന്നായിരിന്നു പാപ്പയുടെ സന്ദേശം.
