India - 2025
ആഗ്ര ആര്‍ച്ച് ബിഷപ്പായി ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു
പ്രവാചക ശബ്ദം 08-01-2021 - Friday
തൃശൂര്‍: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആഗ്ര ആര്‍ച്ച് ബിഷപ്പായി ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു. ആഗ്ര സെന്റ് പീറ്റേഴ്‌സ് കോളജ് ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയാണു സ്ഥാനാരോഹണ ചടങ്ങു നടത്തിയത്. ആല്‍ബര്‍ട്ട് ഡിസൂസയും ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോയും ചേര്‍ന്ന് ഡോ. റാഫി മഞ്ഞളിയെ മെത്രാപ്പോലീത്തയുടെ ഔദ്യോഗിക പീഠത്തില്‍ ഉപവിഷ്ടനാക്കി. ഡോ. തോമസ് മാക്വാന്‍ (ഗാന്ധിനഗര്‍, ഗുജറാത്ത്), ഡോ. അനില്‍ കൂട്ടോ (ഡല്‍ഹി) എന്നിവരും മുഖ്യകാര്‍മികരായിരുന്നു.
ഇതോടനുബന്ധിച്ചു നടന്ന ദിവ്യബലിക്കു ഡോ. റാഫി മഞ്ഞളി മുഖ്യസഹകാര്‍മികത്വം വഹിച്ചു. മീററ്റ് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് ദിവ്യബലിമധ്യേയുള്ള സന്ദേശം നല്‍കി. മലയാളിയും ഗ്വാളിയര്‍ ബിഷപ്പുമായ ഡോ. ജോസഫ് തൈക്കാട്ടില്‍, സീറോ മലബാര്‍ സഭ മെത്രാന്മാരായ ഷംഷാബാദ് ബിഷപ്പും അപ്പസ്‌തോലിക് വിസിറ്റേറ്ററുമായ മാര്‍ റാഫേല്‍ തട്ടില്‍, ബിജ്‌നോര്‍ ബിഷപ്പ് മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍, ബിഷപ്പ് എമരിറ്റസ് മാര്‍ ജോണ്‍ വടക്കേല്‍, ഗൊരഖ്പുര്‍ ബിഷപ്പ് മാര്‍ തോമസ് തുരുത്തിമറ്റം എന്നിവരുള്‍പ്പടെ 24 ബിഷപ്പുമാര്‍ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടതിനാല്‍ പൊതുസമ്മേളനം ഒഴിവാക്കിയിരുന്നു. അതിരൂപത ചാന്‍സലര്‍ ഫാ. ബാസ്‌കര്‍ യേശുരാജ്, മാസ്റ്റര്‍ ഓഫ് സെറിമണി ഫാ. മൂണ്‍ ലാസറസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി