India - 2025
ഡോ. റാഫി മഞ്ഞളിക്കു തൃശൂര്‍ അതിരൂപത സ്വീകരണം നല്‍കി
പ്രവാചക ശബ്ദം 08-02-2021 - Monday
തൃശൂര്‍: ആഗ്ര അതിരൂപത ആര്‍ച്ച്ബിഷപ്പായി നിയമിതനായ ഡോ. റാഫി മഞ്ഞളിക്കു തൃശൂര്‍ അതിരൂപത സ്വീകരണം നല്‍കി. വെണ്ടൂര്‍ ഇടവകാംഗമായ ആര്‍ച്ച്ബിഷപ് അലഹാബാദ് രൂപതയുടെ മെത്രാനായി സേവനം ചെയ്യുന്നതിനിടെയാണ് 2020 നവംബര്‍ 12ന് ഫ്രാന്‍സിസ് മാര്‍പാപ്പ പുരാതനമായ ആഗ്ര അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി നിയമിച്ചത്. തൃശൂര്‍ ഡിബിസിഎല്‍സില്‍ ഡോ. റാഫി മഞ്ഞളി കൃതഞ്താബലിയര്‍പ്പിച്ചു. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായി. ദിവ്യബലി ഷെക്കെയ്‌ന ടെലിവിഷനിലൂടെയും മീഡിയ കത്തോലിക്കയിലൂടെയും തത്സമയം സംപ്രേഷണം ചെയ്തു. ഇന്നലെ ജന്മദിനം ആഘോഷിച്ച ആഗ്ര ആര്‍ച്ച്ബിഷപ്പിനു മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശംസയും അഭിനന്ദനവും അറിയിച്ചു.
തൃശൂരിന്റെ പുത്രനായ റാഫി പിതാവ് ആഗ്ര ആര്‍ച്ച്ബിഷപ്പായി നിയമിതനായത് അതിരൂപതയ്ക്കും കേരളസഭയ്ക്കും വലിയ അംഗീകാരവും അഭിമാനവുമാണെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂര്‍ രൂപതയ്ക്കുവേണ്ടി വൈദിക പരിശീലനം ആരംഭിച്ച തനിക്ക് ആഗ്ര മിഷനറിയായി പോകാവാന്‍ പ്രചോദനം ലഭിച്ചത് അന്നത്തെ വെണ്ടൂര്‍ വികാരിയായിരുന്ന മോണ്‍. ഇഗ്‌നേഷ്യസ് ചാലിശേരിയില്‍ നിന്നാണെന്ന് നിയുക്ത ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മാതൃരൂപതയായ തൃശൂര്‍ അതിരൂപത തന്നെയാണു തന്നിലെ മിഷ്ണറിയെ രൂപപ്പെടുത്തിയതെന്നും അതിലുള്ള തികഞ്ഞ കടപ്പാടും സന്തോഷവും തനിക്കുണ്ടെന്നും ഡോ.റാഫി മഞ്ഞളി പറഞ്ഞു. സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശേരി, ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, അതിരൂപത പിആര്‍ഒ ഫാ. നൈസണ്‍ ഏലന്താനത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.