News

വത്തിക്കാനില്‍ നടന്ന വിശുദ്ധ കുർബ്ബാനയുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി

സ്വന്തം ലേഖകന്‍ 28-05-2016 - Saturday

വത്തിക്കാന്‍: വത്തിക്കാനില്‍ നടന്ന വിശുദ്ധ കുർബ്ബാനയുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. നിരവധി പുരോഹിതരും ആയിരകണക്കിന് വിശ്വാസികളുമാണ് ദിവ്യകാരുണ്യ ആരാധനയിലും പ്രദിക്ഷണത്തിലും പാപ്പയ്‌ക്കൊപ്പം പങ്കെടുത്തത്. റോമിന്റെ വഴികളിലൂടെ എഴുന്നള്ളിച്ച ദിവ്യകാരുണ്യ നാഥനായ ഈശോയുടെ മുന്നില്‍ ആരാധനയോടെ ആയിരങ്ങള്‍ കൈകൂപ്പി. സെന്റ് ജോണ്‍ ബസലിക്കയില്‍ നിന്നും വിശുദ്ധ ബലിയോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്. മെറുല്ലാന വഴി നടത്തിയ പ്രദിക്ഷണം സെന്റ് മേരീസ് ദേവാലയത്തിലാണ് സമാപിച്ചത്.

പരിശുദ്ധ ത്രീത്വത്തിന്റെ ഞായറിനു ശേഷം വരുന്ന വ്യാഴാഴ്ചയാണ് പാരമ്പര്യമായി 'Corpus Christi' എന്നറിയപ്പെടുന്ന ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. എന്നാൽ, കൂടുതൽ വിശ്വാസികൾക്ക് പങ്കെടുക്കാൻ അവസരം ഒരുക്കുന്നതിനു വേണ്ടി ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ ഈ തിരുനാൾ പിന്നീടു വരുന്ന ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്.

ദിവ്യകാരുണ്യവും വഹിച്ചു കൊണ്ടു പോയ വഴികളില്‍ ഭക്തിപൂര്‍വ്വം വിശ്വാസികള്‍ പ്രാര്‍ത്ഥനകളും ഗാനങ്ങളും ആലപിച്ചു നിന്നു. സെന്റ് മേരീസ് ദേവാലയത്തില്‍ മാര്‍പാപ്പ ദിവ്യകാരുണ്യത്തിന്റെ വരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. ദിവ്യകാരുണ്യ ആരാധനയ്ക്കു സമാപനം കുറിച്ച് ഫ്രാന്‍സിസ് പാപ്പ പ്രത്യേകം പ്രാര്‍ത്ഥനയും പ്രസംഗവും നടത്തി. പാപ്പയുടെ ആശീര്‍വാദത്തോടെ ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ സമാപിച്ചു.

തന്റെ ചെറു പ്രസംഗത്തില്‍ പാപ്പ, അന്ത്യ അത്താഴ സമയത്ത് ക്രിസ്തു പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. "ദൈവത്തെ കുറിച്ചുള്ള മനുഷ്യന്റെ ആഴമായ വിശപ്പിനും ദാഹത്തിനും തന്റെ മാംസരക്തങ്ങള്‍ നല്‍കിയാണു ക്രിസ്തു ശമനം വരുത്തിയത്. മനുഷ്യ സമൂഹം നിലനില്‍ക്കുന്ന കാലത്തോളം ഈ ബലി തുടരുന്നു. ബലഹീനരായ വൈദികരുടെ കരങ്ങളെ തന്റെ ആത്മാവിനെ അയച്ച് ദൈവം ഈ ബലി തുടരുവാന്‍ ശക്തീകരിക്കുന്നു. എല്ലാ മനുഷ്യ സമൂഹത്തിനും രക്ഷയെന്ന വലിയ ദാനം ലഭിക്കണമെന്നു ക്രിസ്തു തീവ്രമായി ആഗ്രഹിക്കുന്നു". പാപ്പ പറഞ്ഞു. ക്രിസ്തു തന്നെ തന്നെ മുറിച്ച് മറ്റുള്ളവര്‍ക്കു നല്‍കിയതു പോലെ ക്രിസ്തു വിശ്വാസികളും തങ്ങളെ തന്നെ മറ്റുള്ളവര്‍ക്കു നല്‍കുന്നവരായി തീരണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു.

"വിശുദ്ധരായ ആയിരങ്ങള്‍ക്ക് തങ്ങളെ തന്നെ മറ്റുള്ളവര്‍ക്കായി നല്‍കുവാന്‍ പ്രചോദനമായതു ക്രിസ്തുവിന്റെ ഈ മുറിക്കപ്പെടലാണ്. മക്കള്‍ക്കു വേണ്ടി ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ മാതാപിതാക്കളെ ശക്തരാക്കുന്നതും ക്രിസ്തുവിന്റെ ഇതേ സ്‌നേഹമാണ്. വിശ്വാസത്തില്‍ ഉറച്ചു ലക്ഷക്കണക്കിനു ക്രൈസ്തവര്‍ ജീവിച്ചതും തങ്ങളുടെ രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ചതും ഇതെ ക്രിസ്തുവിന്റെ ത്യാഗം അവര്‍ക്ക് ഓര്‍മ്മയുള്ളതിനാലാണ്. എല്ലാവരേയും ക്രിസ്തുവിന്റെ സ്‌നേഹം സ്വാധീനിക്കുന്നു". പാപ്പ കൂട്ടിച്ചേര്‍ത്തു.