News - 2025
നാം ദൈവത്തിന്റെ കീഴില്‍ ഒരൊറ്റ ജനതയാണെന്ന കാര്യം മറക്കരുത്: മെലാനിയ ട്രംപ്
പ്രവാചക ശബ്ദം 12-01-2021 - Tuesday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ട്രംപിന്റെ പത്നിയും അമേരിക്കയുടെ പ്രഥമ വനിതയുമായ മെലാനിയ ട്രംപ്. കഴിഞ്ഞയാഴ്ച കാപ്പിറ്റോളില്‍ നടന്ന അനിഷ്ട സംഭവം തന്നെ നിരാശപ്പെടുത്തിയെന്നും ദൈവത്തിന്റെ കീഴിലുള്ള ഒരൊറ്റ ജനതയാണ് നാമെന്ന കാര്യം മറക്കരുതെന്നും മെലാനിയ പ്രസ്താവിച്ചു. പരസ്പരം പറയുന്നത് കേള്‍ക്കാന്‍ തയാറാകണമെന്നും നമ്മെ ഒന്നിപ്പിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുകയും, വിഭജിക്കുന്നവയ്ക്കെതിരെ നിലകൊള്ളുകയും വേണമെന്ന് മെലാനിയ അമേരിക്കന്‍ ജനതയോടു ആഹ്വാനം ചെയ്തു. കാപ്പിറ്റോള്‍ ആക്രമത്തില്‍ മരിച്ചവരോടുള്ള അനുശോചനവും മെലാനിയ രേഖപ്പെടുത്തുകയുണ്ടായി.
വ്യക്തിഹത്യ നടത്തുന്നത് ലജ്ജാവഹമാണെന്ന്‍ പറഞ്ഞ മെലാനിയ കാപ്പിറ്റോള്‍ അക്രമത്തെ താന്‍ അപലപിക്കുന്നുവെന്നും അക്രമം ഒരിക്കലും സ്വീകാര്യമല്ലെന്നും, തിരഞ്ഞെടുപ്പ് ആവേശം അക്രമത്തിലേക്ക് പോവരുതെന്നും പറഞ്ഞു. കഴിഞ്ഞ 4 വര്‍ഷത്തെ തന്റെ അനുഭവങ്ങളെ കുറിച്ചും മെലാനിയയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. അമേരിക്കയുടെ പ്രഥമ വനിതയായി സേവനം ചെയ്യുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം ജീവിതകാലം മുഴുവനും ഒരു ആദരവായിരിക്കുമെന്ന് മെലാനിയ പ്രസ്താവിച്ചു. ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്താനായി ജനുവരി 6ന് കോണ്‍ഗ്രസ് അംഗങ്ങളും ജനപ്രതിനിധികളും സമ്മേളിച്ചിരുന്ന കാപ്പിറ്റോളില്‍ നടത്തിയ ആക്രമത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക