Arts - 2025
“ആവേ മരിയ അവാര്‍ഡ്” : ആഗോള തലത്തിലെ മികച്ച ക്രിസ്ത്യൻ സിനിമകള്‍ക്ക് പുതിയ അവാര്‍ഡ്
പ്രവാചക ശബ്ദം 13-01-2021 - Wednesday
ചലച്ചിത്രങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ നിര്‍മ്മിക്കപ്പെടുന്ന സിനിമകളില്‍ നിന്നും ഏറ്റവും മികച്ച സിനിമകളെ കണ്ടെത്തി അംഗീകാരം നൽകുന്നതിന് പുതിയ അവാര്‍ഡ്. ‘ഇന്റര്‍നാഷ്ണല്‍ കാത്തലിക് ഫിലിം ഫെസ്റ്റിവല്‍’ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2021 മുതല്‍ വര്‍ഷംതോറും നിര്‍മ്മിക്കപ്പെടുന്ന സമ്പൂര്‍ണ്ണ കത്തോലിക്കാ സിനിമകളില്‍ നിന്നും മികച്ചവയെ തിരഞ്ഞെടുത്ത് “ആവേ മരിയ കാത്തലിക് ഫിലിംസ് അവാര്‍ഡ്” നല്‍കി ആദരിക്കുമെന്ന് ഇന്റര്‍നാഷണല്‍ കാത്തലിക് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറായ ഗാബി ജക്കോബ എ.സി.ഐ പ്രൻസക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അവാര്‍ഡ് ദാനത്തിന്റെ തീയതിയും, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പേരും അധികം താമസിയാതെ തന്നെ പുറത്തുവിടുമെന്ന് ജക്കോബ അറിയിച്ചു. സിനിമയിലൂടെ സുവിശേഷം പകരുന്ന രീതിയും കലാപരമായ മികവും അടിസ്ഥാനമാക്കിയായിരിക്കും അവാര്‍ഡിനര്‍ഹമായ സിനിമകളെ തെരഞ്ഞെടുക്കുക. സാങ്കേതിക നിലവാരവും കത്തോലിക്ക വിവരണവും ഉറപ്പ് നൽകുന്നതിനായി, സിനിമയിലും, കത്തോലിക്കാ പ്രബോധനങ്ങളിലും പ്രഗല്‍ഭരായ ദൈവശാസ്ത്ര വിദഗ്ദരും, ആഗോള സിനിമാ സാങ്കേതികതയില്‍ വ്യത്യസ്ഥ കാഴ്ചപ്പാടുകള്‍ ഉള്ളവരുമായിരിക്കും ജൂറി അംഗങ്ങളെന്നും, ഭാവനയും തീക്ഷ്ണതയും, ക്രിയാത്മകതയുമുള്ള പ്രതിഭകളെ ഇനിമുതല്‍ ലോകം അംഗീകരിച്ചു തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 8 വര്‍ഷങ്ങളായുള്ള സിനിമാസംബന്ധിയായ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട എല്ലാ പാതകളും തുറന്നു തന്നത് പരിശുദ്ധ കന്യകാമാതാവാണെന്നതും, സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയിലുള്ള മധ്യസ്ഥയായ പരിശുദ്ധ കന്യകാ മാതാവിലൂടെയാണ് യേശുവിനെ നമ്മള്‍ക്ക് കൂടുതല്‍ അറിയുവാന്‍ കഴിയുക എന്നതിനാലുമാണ് പുതിയ അവാര്‍ഡിന് ‘ആവേ മരിയ കാത്തലിക് ഫിലിംസ് അവാര്‍ഡ്’ എന്ന പേര് നല്‍കുവാന്‍ കാരണമെന്നാണ് ജക്കോബ പറയുന്നത്. അവാര്‍ഡിന് പേര് നല്‍കിയതിലൂടെ മാതാവിനെ സ്വര്‍ഗ്ഗത്തിന്റേയും, ഭൂമിയുടേയും, ഹൃദയങ്ങളുടേയും രാജ്ഞിയായി പ്രതിഷ്ഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.