News - 2025

യേശുവില്‍ വിശ്വസിച്ചു: ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ മുസ്ലീം ഇമാമിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പ്രവാചക ശബ്ദം 14-01-2021 - Thursday

മയൂജ്: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ മുസ്ലീം ഇമാമിനെ ഇസ്ലാമിക വര്‍ഗ്ഗീയവാദികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മയൂജ് ജില്ലയിലെ ഡോള്‍വേ ദ്വീപിലെ മക്ക പള്ളി ഇമാമായിരുന്ന യൂസഫ്‌ കിന്റു എന്ന നാൽപ്പത്തിയൊന്നുകാരനെയാണ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരില്‍ തീവ്ര മുസ്ലിം നിലപാടുള്ള സംഘം കൊലപ്പെടുത്തിയത്. സുവിശേഷത്തില്‍ ആകൃഷ്ടനായതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു യൂസഫ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്ന്‍ ഡോള്‍വേയിലെ ഫുള്‍ ഗോസ്പല്‍ കൂട്ടയ്മായിലെ വചനപ്രഘോഷകനായ ആന്‍ഡ്ര്യൂ ന്യാന്‍മാനെ ഉദ്ധരിച്ച് ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂസഫിന്റെ മതപരിവര്‍ത്തനത്തില്‍ പ്രകോപിതരായ മുസ്ലീങ്ങള്‍ കൂട്ടമായെത്തി അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും, മകള്‍ക്കോ, മകനോ മര്‍ദ്ദനം തടയാനായില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി ഐ.സി.സി യുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പിറ്റേദിവസം രാവിലെ ന്യാന്‍മാനെത്തി ആശുപത്രിയിലാക്കുന്നത് വരെ അദ്ദേഹം അവിടെ തന്നെ കിടക്കുകയായിരുന്നു. ആശുപത്രിയില്‍വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. താന്‍ ഇമാമായിരുന്ന പള്ളിക്ക് സമീപമുള്ള വീട്ടിലായിരുന്നു യൂസഫും കുടുംബവും താമസിച്ചിരുന്നത്. സുവിശേഷത്തേക്കുറിച്ച് കൂടുതല്‍ അറിഞ്ഞതാണ് യൂസഫിനെ ക്രിസ്തുവിനോട് അടുപ്പിക്കുവാന്‍ കാരണമായത്.

വിശ്വാസത്തേ സംബന്ധിച്ച് യൂസഫും പാസ്റ്റര്‍ ന്യാന്‍മാനും തമ്മില്‍ സംവദിക്കുന്നത് പതിവായിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ഉഗാണ്ടയിലെ കിഴക്കന്‍ മേഖലയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സമീപകാലത്തായി മതത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഐ.സി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യവും ഉഗാണ്ടന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, യേശു ദൈവപുത്രനാണെന്ന് പറഞ്ഞതിന്റെ പേരില്‍ പോലും ക്രൈസ്തവർ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ മറ്റൊരു മുസ്ലീം ഇമാം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഒരു പാസ്റ്ററേയും അദ്ദേഹത്തിന്റെ ഭാര്യയേയും ജനക്കൂട്ടം ആക്രമിച്ചതായി ‘മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »