Seasonal Reflections - 2024

ജോസഫ് - അധ്വാനിക്കുന്നവരുടെ സുവിശേഷം

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 23-02-2021 - Tuesday

യൗസേപ്പിതാവിൻ്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ഒരു T- Shirt ആണ് ഇന്നത്തെ ചിന്തയുടെ ആധാരം. യൗസേപ്പിതാവിൻ്റെ ചിത്രത്തോടൊപ്പം Work Hard, Pray Hard - കഠിനധ്വാനം ചെയ്യുക, കഠിനമായി പ്രാർത്ഥിക്കുക - എന്നുകൂടി രേഖപ്പെടുത്തിയിരിക്കുന്നു.

ജീവിതത്തിൽ വിജയം നേടാൻ ആഗ്രഹിക്കുന്ന മനുഷ്യർക്കുള്ള സദ് വാർത്തയാണ് വിശുദ്ധ യൗസേപ്പിതാവും അദ്ദേഹത്തിൻ്റെ ജീവിത ദർശനങ്ങളും . അധ്വാനിച്ചു ജീവിക്കുന്നതിൻ്റെ മഹത്വവും പ്രാർത്ഥനാ ജിവിതത്തിൻ്റെ പ്രാധാന്യവും നസറത്തിലെ ഈ കുടുംബനാഥൻ പഠിപ്പിക്കുന്നു. കഠിനധ്വാനം എപ്പോഴും കുടുംബത്തിനും സമൂഹത്തിനും നന്മകൾ കൊണ്ടുവരുന്നു. നസറത്തിലെ മരണപ്പണിശാലയിൽ ഈശോയുമൊത്ത് അധ്വാനിച്ചതു വഴി, യൗസേപ്പിതാവ് മനുഷ്യാധ്വാനത്തെ ദൈവത്തിൻ്റെ രക്ഷകാര പദ്ധതിയോടു അടുപ്പിക്കുകയാണ് ചെയ്തതെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിക്കുന്നു.

തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് സത്യസന്ധനും കുടുംബത്തിനായി വിയർപ്പൊഴുക്കുന്നതിൽ അഭിമാനം ഉള്ളവനുമായിരുന്നു. അധ്വാനങ്ങൾ വിജയം വരിക്കണമെങ്കിൽ പ്രാർത്ഥനയും അത്യാവശ്യമാണന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു."കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്ക്കൂ." എന്ന ഡോ APJ അബ്ദുൾ കലാമിൻ്റെ വാക്കുകളും ഇവിടെ പ്രസക്തമാണ്.

ഈശോ ശരിക്കും അധ്വാനിക്കാൻ പഠിച്ചത് യൗസേപ്പിൽ നിന്നാണ്, അധ്വാനത്തിനിടയിലും ദൈവത്തിനും കുടുംബത്തിനും സമൂഹത്തിനും വേണ്ടിയും സമയം ചിലവഴിക്കാൻ യൗസേപ്പിനറിയാമായിരുന്നു. ഈ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കാൻ പരാജയപ്പെടുമ്പോഴാണ് നിരാശയും വിഷാദവുമൊക്കെ നമ്മുടെ ജീവിതത്തെ കാർന്നുതിന്നാൻ തുടങ്ങുന്നത്.


Related Articles »