Seasonal Reflections - 2024

ജോസഫ്: സ്വർഗ്ഗീയ പിതാവിന്റെ നിഴൽ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 03-03-2021 - Wednesday

പോളീഷ് എഴുത്തുകാരനായ ജാൻ ഡോബ്രാസിയസ്കി (Jan Dobraczyński ) വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് നോവൽ രൂപത്തിൽ എഴുതിയ ഗ്രന്ഥമാണ് The Shadow of the Father അഥവാ പിതാവിന്റെ നിഴൽ. ഫ്രാൻസീസ് പാപ്പയുടെ പാപ്പയുടെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരപ്പന്റെ ഹൃദയത്തോടെ (Patris corde) എന്ന അപ്പസ്തോലിക ലേഖനത്തിൽ യൗസേപ്പിതാവിനെ നിഴലിലുള്ള ഒരു പിതാവ് -A Father in Shadows എന്നു വിശേഷിപ്പിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ജാൻ ഡോബ്രാസിയസ്കി 1977 എഴുതിയ നോവലിൽ നിന്നാണ് ഫ്രാൻസീസ് പാപ്പയ്ക്കു ഈ പ്രചോദനം ലഭിച്ചത്. സ്മരണ ഉണർത്തുന്ന നിഴൽ എന്ന പ്രതിബിംബമാണ് യൗസേപ്പിതാവിനെ നിർവചിക്കാനായി ജാൻ ഉപയോഗിച്ചിരിക്കുന്നത്. ഈശോയോടുള്ള ബന്ധത്തിൽ യൗസേപ്പിതാവ് സ്വർഗ്ഗീയ പിതാവിൻ്റെ ഭൂമിയിലെ നിഴലായിരുന്നു. അവൻ ഈശോയ്ക്കു വേണ്ടി ജാഗ്രതയോടെ കാത്തിരുന്നു, അവനെ സംരക്ഷിച്ചു, ഒരിക്കലും ഈശോയെ തനിച്ചാക്കി സ്വന്തം വഴിയെ അവൻ പോയില്ല.

മോശ ഇസ്രായേൽ ജനത്തെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: " നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നതു മരുഭൂമിയില്‍വച്ചു നിങ്ങള്‍ കണ്ട താണല്ലോ." (നിയമാവര്‍ത്തനം 1 : 31) ഇതു പോലെ തന്നെ യൗസേപ്പിതാവ് തൻ്റെ ജീവിതകാലം മുഴുവൻ ദൈവ പിതാവിൻ്റെ നിഴലായി ഈശോയൊടൊപ്പം നടന്നു.

ഒരു കുഞ്ഞിനു ജന്മം നൽകുന്നതു കൊണ്ടു മാത്രം ആരും ഒരു നല്ല അപ്പനാകുന്നില്ല മറിച്ച് ആ ശിശുവിനെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെയാണ് ആ മനുഷ്യൻ യഥാർത്ഥ പിതാവാകുന്നത്. ഒരു മനുഷ്യൻ മറ്റൊരാളുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴെല്ലാം, ഒരു വിധത്തിൽ അയാൾ ആ വ്യക്തിയുടെ രക്ഷിതാവായി മാറുകയാണ് ചെയ്യുന്നത്.

ഭൂമിയിൽ സ്വർഗ്ഗീയ പിതാവിൻ്റെ പ്രതിനിധിയായി ഈശോയെ ജ്ഞാനത്തിലും പ്രായത്തിലും വളർത്തിയ യൗസേപ്പ് എല്ലാ അർത്ഥത്തിലും ഒരു നല്ല അപ്പനായിരുന്നു. ഭൂമിയിൽ തൻ്റെ നിഴലായി വർത്തിച്ച യൗസേപ്പിനെ സ്വർഗ്ഗ പിതാവ് സ്വർഗ്ഗത്തിൽ കൂടുതൽ സ്ഥാനങ്ങൾ നൽകിയെങ്കിൽ അതിൽ യാതൊരു അതിശയോക്തിക്കും വകയില്ല.


Related Articles »